റബർ ബോർഡ് ആസ്ഥാനം Source: News Malayalam 24x7
KERALA

കോട്ടയം റബർ ബോർഡ് ആസ്ഥാനത്തെ ക്വാർട്ടേഴ്സിൽ നടന്നത് ആസൂത്രിത മോഷണമെന്ന നിഗമനത്തിൽ പൊലീസ്; പിന്നിൽ ഉത്തരേന്ത്യൻ സംഘമെന്നും സംശയം

75 പവനോളം സ്വർണമാണ് മോഷണം പോയത്

Author : ന്യൂസ് ഡെസ്ക്

കോട്ടയം: പുതുപ്പള്ളി റബ്ബർ ബോർഡ് ആസ്ഥാനത്തെ ക്വാർട്ടേഴ്സിൽ നടന്നത് ആസൂത്രിത മോഷണമെന്ന നിഗമനത്തിൽ പൊലീസ്. കോമ്പൗണ്ടിനുള്ളിൽ സിസിടിവി ക്യാമറകൾ ഇല്ലാത്തതിനാൽ പ്രദേശത്ത് മറ്റ് സ്ഥലങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് വരികയാണ്. മോഷ്ടാക്കളുടെ എന്ന് സംശയിക്കുന്ന കൈയുറകൾ പ്രദേശത്ത് നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് പുതുപ്പള്ളിയിലെ ക്വാർട്ടേഴ്സിൽ മോഷണം നടക്കുന്നത്. മോഷണം നടന്ന കാര്യം പുലർച്ച വരെ ആരുമറിഞ്ഞിരുന്നില്ല. 75 പവനോളം സ്വർണം മോഷണസംഘം കവർന്നിട്ടുണ്ട്. സംഭവത്തിൽ സെക്യൂരിറ്റി ജീവനക്കാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.ഉത്തരേന്ത്യൻ സംഘമാണോ പിന്നിലെന്ന കാര്യത്തിലും പരിശോധന നടക്കുകകയാണ്.

നൂറ് ഏക്കറോളം വിസ്തൃതിയുള്ള ക്യാമ്പസിനുള്ളിൽ സുരക്ഷാ ജീവനക്കാരെയും പൊലീസിനെയും ഞെട്ടിച്ചുകൊണ്ടാണ് വൻ കവര്‍ച്ച നടന്നത്. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള റബര്‍ ബോര്‍ഡിന്റെ ജീവനക്കാര്‍ക്കുള്ള താമസസ്ഥലത്തെ ക്വാര്‍ട്ടേഴ്‌സുകളിലായിരുന്നു കവർച്ച. രണ്ട് ക്വാർട്ടേഴ്സിൽ നിന്നായി 75 പവനോളം സ്വർണമാണ് നഷ്ടമായിരിക്കുന്നത്. 43 പവൻ ആദ്യ ക്വാർട്ടേഴ്സിൽ നിന്നും 32 പവൻ അടുത്തയിടത്തു നിന്നും മോഷ്ടിക്കപ്പെട്ടു. മൂന്ന് ക്വാർട്ടേഴ്സുകൾ കുത്തി തുറക്കാനും ശ്രമം നടന്നിട്ടുണ്ട്.

രാത്രി 12 മണിക്ക് ശേഷമായിരുന്നു സംഭവം. മോഷണം നടന്ന സമയത്ത് ക്വാർട്ടേഴ്സുകളിൽ ആളുകൾ ഉണ്ടായിരുന്നില്ല. പലരും നാട്ടിലും മറ്റ് പരിപാടികള്‍ക്കുമായി പോയ സമയത്താണ് മോഷണം നടന്നത്. അതുകൊണ്ടുതന്നെ വീട്ടുകാര്‍ സ്ഥലത്തില്ലെന്ന വിവരം കൃത്യമായി അറിയാവുന്നവര്‍ തന്നെയാണോ മോഷണത്തിന് പിന്നിലെന്ന സംശയവും നിലനിൽക്കുന്നുണ്ട്.

സമാനമായ രീതിയിൽ സംസ്ഥാനത്ത് നടന്ന മറ്റ് മോഷണക്കേസുകളുമായി ബന്ധമുണ്ടോ എന്നും സംശയിക്കുന്നുണ്ട്. മോഷ്‌ടാക്കൾക്ക് പ്രാദേശികമായി ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതും പരിശോധിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അടുത്തിടെ നടന്ന സമാന മോഷണക്കേസുകളടക്കം അന്വേഷണ പരിധിയിലുണ്ട്.

SCROLL FOR NEXT