KERALA

കോവളം സ്പാ പീഡനക്കേസ്: ഏജൻ്റുമാരിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്; അന്വേഷണസംഘം ഇന്ന് ആന്ധ്രയിലേക്ക്

ആന്ധ്രയിൽ നിന്നുള്ള പെൺകുട്ടിയെ കോവളത്ത് എത്തിച്ചത് ഈ സംഘമാണെന്നും എസ്ഐടി സംശയിക്കുന്നു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ ഏജൻ്റുമാരിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. പതിനാറുകാരിയുടെ വ്യാജ ആധാർ കാർഡുണ്ടാക്കി ലൈംഗിക ചൂഷണത്തിന് വിനിയോഗിച്ചതിന് പിന്നിൽ ഏജൻ്റുമാർ ഉണ്ടെന്ന കണ്ടെത്തിലിനെ തുടർന്നാണ് നടപടി. അതിനിടെ തെളിവുകൾ തേടി അന്വേഷണസംഘം ഇന്ന് ആന്ധ്രാപ്രദേശിലേക്ക് തിരിക്കും. സംസ്ഥാനത്തെ ഹോട്ടലുകൾ, സ്പാകൾ എന്നിവ കേന്ദ്രീകരിച്ച് ലൈംഗിക കച്ചവടം നടത്തുന്ന സംഘമാണ് കോവളം പീഡനത്തിന് പിന്നിലെന്നാണ് അന്വേഷണസംഘത്തിൻ്റെ വിലയിരുത്തൽ.

ആന്ധ്രയിൽ നിന്നുള്ള പെൺകുട്ടിയെ കോവളത്ത് എത്തിച്ചത് ഈ സംഘമാണെന്നും എസ്ഐടി സംശയിക്കുന്നു. പിടിയിലായ പ്രതികളുടെ ഫോൺ പരിശോധിച്ചതിൽ നിന്നാണ് അന്വേഷണസംഘത്തിന് ഇതുസംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്. മാത്രമല്ല, ആന്ധ്രാപ്രദേശിലെ പെൺകുട്ടിയുടെ ജന്മസ്ഥലത്തേക്കും എസ്ഐടിയിലെ ഒരു സംഘം ഇന്ന് യാത്ര തിരിക്കും. പെൺകുട്ടി പഠിച്ച സ്കൂളിൽ ഉൾപ്പെടെ എത്തി തെളിവുകൾ ശേഖരിക്കാനാണ് നീക്കം. പ്രതികളെ സംബന്ധിച്ചുമുള്ള വിവരങ്ങളും അന്വേഷണസംഘം ശേഖരിക്കും. പെൺകുട്ടിയുടെ മാതൃസഹോദരിയുടെ ഭർത്താവിൻ്റെ സ്വദേശമായ തെലങ്കാനയിലേക്കും അന്വേഷണസംഘം പോകും. തുടർന്ന് ബെം​ഗളൂരു, ചെന്നൈ എന്നിവിടങ്ങളിലും അന്വേഷണം നടത്തും.

ഇതിനിടെ പെൺകുട്ടിയുടെ മൊഴിയെടുക്കുന്നതിനും ചെന്നൈയിലെത്തിച്ച് തെളിവെടുക്കുന്നതിനുമായി ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് ചെന്നൈ പൊലീസ് അപേക്ഷ നൽകിയിട്ടുണ്ട്. പെൺകുട്ടിയുടെ മാനസിക-ശാരീരിക അവസ്ഥ പരിശോധിച്ച് സമയം അനുവദിക്കാനാണ് സിഡബ്ല്യുസിയുടെ തീരുമാനം. ചെന്നൈയിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ മാതൃസഹോദരി, അവരുടെ ഭർത്താവ് എന്നിവരെ കസ്റ്റഡിയിൽ കിട്ടാൻ തമിഴ്നാട് പൊലീസ് സംഘം കോടതിയിൽ പ്രൊഡക്ഷൻ വാറണ്ടിനുള്ള അപേക്ഷയും ഫയൽ ചെയ്തിട്ടുണ്ട്. നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് അപേക്ഷ ഫയൽ ചെയ്തത്. കേസിൽ കൂടുതൽ പേർ പ്രതികളാകുമെന്നും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉടനുണ്ടാകുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.

SCROLL FOR NEXT