എറണാകുളം: അങ്കമാലിയിൽ വിദ്യാർഥിനിയുടെ ജീവനെടുത്ത വാഹനാപകടം നടന്ന് ആറ് ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാകാതെ പൊലീസ്. ഒളിവിൽ പോയ പ്രതി സിറിയക് ജോർജിനായി പൊലീസ് ഇന്നലെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാളുടെ ഫോൺ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം പൊലീസിന് എതിരെ ആരോപണവുമായി ജസ്‌ലിയയുടെ കുടുംബം ഇന്നലെ രംഗത്തെത്തി.
പ്രതിയെ പിടികൂടാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും. സാധാരണക്കാരന്റെ സ്വപ്നങ്ങള്‍ക്ക് ഒരു വിലയും ഇല്ലേയെന്നും പ്രതി വലിയ പിടിപാടുള്ള ആളായതുകൊണ്ടാണോ പിടിക്കാന്‍ സാധിക്കാത്തതെന്നും ജാസ്‌ലയുടെ അമ്മ ചോദിച്ചു. അയാള്‍ ഒരു ഡോക്ടര്‍ ആണെന്ന് പറയുന്നു. ഇനി രോഗികളുടെ ജീവന്‍ അയാളുടെ കയ്യില്‍ എങ്ങനെ സുരക്ഷിതമാകുമെന്നും അമ്മ ചോദിച്ചു.
മകള്‍ പാവമായിരുന്നു. അവള്‍ക്ക് നീതി വേണം. അയാള്‍ മകളെ ഒന്ന് ആശുപത്രിയില്‍ ആക്കാന്‍ പോലും ശ്രമിച്ചില്ല. പൊലീസ് തങ്ങളെ വിളിച്ചിട്ടില്ല ഒന്നും പറഞ്ഞിട്ടില്ല. ആളുകളുടെ ജീവന് ഒരു വിലയില്ലേയെന്നും കുടുംബം ചോദിച്ചു. അതേസമയം, വാഹനാപകടത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി പ്രതി ഡോക്ടര്‍ സിറിയക് പി. ജോര്‍ജ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കോട്ടയം സെഷന്‍ കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.