നെട്ടയം സംഘർഷം Source: News Malayalam 24x7
KERALA

"നെട്ടയം സംഘർഷം കൈകാര്യം ചെയ്യുന്നതിൽ പൊലീസിന് വീഴ്ചയുണ്ടായി"; ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കിടയിൽ കടുത്ത അതൃപ്തി

വട്ടിയൂർക്കാവ് എസ്എച്ച്ഒ വിപിൻ മെഡിക്കൽ അവധിയിൽ പ്രവേശിച്ചു...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: നെട്ടയത്തെ ബിജെപി- സിപിഐഎം സംഘർഷം കൈകാര്യം ചെയ്യുന്നതിൽ വട്ടിയൂർക്കാവ് പൊലീസിന് വീഴ്ചയുണ്ടായെന്ന നിഗമനത്തിൽ ഉന്നത ഉദ്യോഗസ്ഥർ. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കിടയിൽ കടുത്ത അതൃപ്തി. വട്ടിയൂർക്കാവ് എസ്എച്ച്ഒ വിപിൻ മെഡിക്കൽ അവധിയിൽ പ്രവേശിച്ചു. സംഘർഷത്തിനിടെയുണ്ടായ പരിക്ക് മൂലമെന്ന് ഔദ്യോഗിക വിശദീകരണം. നിർബന്ധിത അവധിക്ക് ഉന്നത ഉദ്യോഗസ്ഥർ നിർദേശിച്ചെന്ന് സൂചന. വിവരം അറിയിക്കുന്നതിൽ സ്പെഷ്യൽ ബ്രാഞ്ചിനും വീഴ്ചയെന്ന് നിഗമനം. ഉന്നത ഉദ്യോഗസ്ഥരെ യഥാസമയം അറിയിച്ചില്ലെന്നാണ് ആക്ഷേപം.

സിപിഐഎം പ്രവർത്തകൻ നഗ്നതാ പ്രദർശനം നടത്തിയെന്ന ബിജെപി പ്രവർത്തകൻ്റെ ഭാര്യയുടെ പരാതിയുമായി ബന്ധപ്പെട്ട് ആരംഭിച്ച തർക്കമാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്. സിപിഐഎമ്മിന് അനുകൂലമായി പൊലീസ് സംസാരിക്കുകയും നടപടിയെടുക്കുകയും ചെയ്യുന്നുവെന്ന് ബിജെപി അതിശക്തമായി ആരോപണം ഉന്നയിച്ചിരുന്നു. ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് ശാരീരികമായി മർദിക്കുന്നുവെന്ന ആരോപണവും ബിജെപി പ്രവർത്തകർ ഉന്നയിച്ചിരുന്നു.

സംഘർഷത്തിൽ കണ്ടാലറിയാവുന്ന 80 ബിജെപി സിപിഐഎം പ്രവർത്തകർക്ക് എതിരെ പൊലീസ് കേസെടുത്തിരുന്നു. ആയുധങ്ങൾ ഉപയോഗിച്ച് പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചതുൾപ്പെടെ വകുപ്പുകൾ ഇവർക്കെതിരെ ചുമത്തി. പൊലീസിൻ്റെ കൃത്യനിർവഹണത്തിന് തടസം നിന്നുവെന്നും പൊലീസുകാരെ ആയുധങ്ങളുപയോഗിച്ച് കയ്യേറ്റം ചെയ്തുവെന്നും ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിക്കൊണ്ടാണ് കേസ്.

SCROLL FOR NEXT