പ്രതീകാത്മക ചിത്രം  Source: pexels
KERALA

നവജാത ശിശുവിനെ ജനലിലൂടെ വലിച്ചെറിഞ്ഞ അമ്മയ്‌ക്കെതിരെ വധശ്രമത്തിന് കേസ്

അവിവാഹിതയായ പെൺകുട്ടി മാനഹാനി ഭയന്ന് കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് എഫ്ഐആറില്‍ പറയുന്നത്

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: ഹരിപ്പാട് നവജാത ശിശുവിനെ ജനലിലൂടെ വലിച്ചെറിഞ്ഞ സംഭവത്തില്‍ അമ്മയ്‌ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. അവിവാഹിതയായ പെൺകുട്ടി മാനഹാനി ഭയന്ന് കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് എഫ്ഐആറില്‍ പറയുന്നത്. കഴിഞ്ഞ ദിവസമാണ് പെൺകുട്ടി ആശുപത്രി ശുചിമുറിയിൽ പ്രസവിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

കഠിനമായ വയറുവേദനയെന്ന് പറഞ്ഞാണ് 19 വയസുകാരി ആശുപത്രിയിലെത്തിയത്. പെണ്‍കുട്ടിയ്‌ക്കൊപ്പം പിതാവും സഹോദരങ്ങളും ഉണ്ടായിരുന്നു. പെണ്‍കുട്ടിയെ കണ്ടയുടന്‍ തന്നെ ഗര്‍ഭിണിയാണോ എന്ന് ഡോക്ടര്‍ ചോദിച്ചെങ്കിലും പെണ്‍കുട്ടി അത് നിഷേധിക്കുകയായിരുന്നു. വേദന സംഹാരി നൽകിയിട്ടും വേദന മാറാത്തതിനാൽ നിരീക്ഷണത്തിൽ തുടരാൻ നിർദേശം നൽകി.

അർധരാത്രി ശുചിമുറിക്കുള്ളിൽ പ്രസവിച്ചു. പൊക്കിൾ കൊടി സ്വയം മുറിച്ച് മാറ്റി കുട്ടിയെ ജനലിലൂടെ പുറത്തേക്ക് എറിയുകയായിരുന്നു. കരച്ചിൽ കേട്ട ആശുപത്രി ജീവനക്കാരാണ് കുഞ്ഞിനെ രക്ഷിച്ചത്. ശുചിമുറിയില്‍ രക്തക്കറ കണ്ടതോടെയാണ് പെണ്‍കുട്ടി ശുചിമുറിയില്‍ പ്രസവിച്ചെന്ന് ബന്ധുക്കള്‍ ഉള്‍പ്പെടെ ഉറപ്പിച്ചത്.

പിന്നാലെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റിയ അമ്മയും കുഞ്ഞും അപകടനില തരണം ചെയ്തു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ന്യൂ ബോൺ ഐസിയുവിലാണ് കുഞ്ഞുള്ളത്. അമ്മയും വണ്ടാനത്ത് ചികിത്സയിലാണ്. പത്തൊൻപത് കാരി അവിവാഹിതയാണ്. ഗർഭിണിയാണെന്ന കാര്യം വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്നാണ് വിവരം. വീയപുരം പൊലീസാണ് അന്വേഷണം നടത്തുന്നത്.

SCROLL FOR NEXT