KERALA

വാളയാർ ആൾക്കൂട്ട കൊലപതകം: റാം നാരായണിനെ പ്രതികൾ വിചാരണ ചെയ്ത് മർദിക്കുന്ന ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തി

കേസിൽ ഇതുവരെ എട്ട് പേരാണ് അറസ്റ്റിലായത്

Author : ലിൻ്റു ഗീത

പാലക്കാട്‌: വാളയാർ അട്ടപ്പള്ളത്തെ ആൾക്കൂട്ട മർദനത്തിൽ അതിഥിത്തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ഛത്തീസ്‌ഗഡ് സ്വദേശി റാം നാരായൺ ഭാഗേലിനെ പ്രതികൾ വിചാരണ ചെയ്ത് മർദിക്കുന്ന ദൃശ്യങ്ങളാണ് അന്വേഷണസംഘത്തിന് ലഭിച്ചത്. ദൃശ്യങ്ങൾ പരിശോധിച്ച ശേഷം കൂടുതൽ പേരെ പ്രതിചേർക്കും. മർദനത്തിൽ നേരിട്ട് പങ്കെടുത്ത കൂടുതൽ പേരെ പിടികൂടുമെന്നും പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. അതേസമയം, പലയിടങ്ങളിലായി ഒളിവിൽ കഴിയുന്ന ഏഴ് പേർക്കായി പൊലീസ് സംഘം നീക്കം ശക്തമാക്കി. കേസിൽ ഇതുവരെ എട്ട് പേരാണ് അറസ്റ്റിലായത്.

കേസിൽ അട്ടപ്പള്ളം സ്വദേശി ഷാജിയാണ് അവസാനം അറസ്റ്റിലായത്. പ്രതികളെല്ലാം ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് അക്രമികൾക്കെതിരെ ഗുരുതര വകുപ്പുകളാണ് പൊലീസ് ചുമത്തിയിട്ടുള്ളത്. എസ്‌സി-എസ്‌ടി അതിക്രമം തടയൽ, ആൾക്കൂട്ട കൊലപാതകം തുടങ്ങിയ വകുപ്പുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

പിടിയിലായ പ്രതികളില്‍ നാല് പേര്‍ ബിജെപി അനുഭാവികള്‍. ഒന്നാം പ്രതി അനു, രണ്ടാം പ്രതി പ്രസാദ്, മൂന്നാം പ്രതി മുരളി, അഞ്ചാം പ്രതി വിപിന്‍ എന്നീ പ്രതികള്‍ ബിജെപി അനുഭാവികളാണെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്. കേസിലെ നാലാം പ്രതി ആനന്ദന്‍ സിഐടിയു പ്രവര്‍ത്തകനാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡിസംബർ 17ന് വൈകിട്ടാണ് വാളയാര്‍ അട്ടപ്പള്ളം മതാളികാട് ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണിനെ അതിക്രൂരമായി നാട്ടുകാര്‍ തല്ലിക്കൊന്നത്. കള്ളന്‍ എന്നാരോപിച്ചായിരുന്നു ആള്‍കൂട്ട മര്‍ദനം. സംശയാസ്പദമായ രീതിയിൽ യുവാവിനെ കണ്ട തൊഴിലുറപ്പ് തൊഴിലാളികൾ പ്രദേശത്തെ യുവാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഒരു കൂട്ടം യുവാക്കൾ ആൾക്കൂട്ട വിചാരണ നടത്തി. ക്രൂരമായി മർദനമേറ്റ യുവാവ് റോഡിൽ ചോര വാർന്നു കിടന്നത് കണ്ട് പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്.

മണിക്കൂറുകള്‍ നീണ്ട ആള്‍ക്കൂട്ട വിചാരണയാണ് രാംനാരായണന്‍ നേരിട്ടത്. പിന്നാലെ പ്രതികള്‍ വടി ഉപയോഗിച്ച് റാം നാരായണിന്റെ മുതുകിലും തലയ്ക്കും അടിച്ചു. മുഖത്തും വയറിനും മര്‍ദനമേറ്റു. വാരിയെല്ല് ഒടിഞ്ഞതും ആന്തരിക രക്തസ്രാവവുമാണ് മരണ കാരണം എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഒരാഴ്ച മുമ്പായിരുന്നു രാംനാരായണന്‍ ജോലി തേടി കേരളത്തിലെത്തിയത്. പാലക്കാട് കിന്‍ഫ്രയില്‍ ജോലി തേടി എത്തിയ രാംനാരായണ്‍ വഴിതെറ്റി അട്ടപ്പള്ളത്ത് എത്തുകയായിരുന്നു.

SCROLL FOR NEXT