നരിവേട്ട സിനിമയ്ക്കെതിരെ സി.കെ ജാനു  NEWS MALAYALAM 24x7
KERALA

ആദിവാസികളെ പൊലീസുകാര്‍ ഒരു തരത്തിലും സംരക്ഷിച്ചിട്ടില്ല; നരിവേട്ട സിനിമയെ വിമര്‍ശിച്ച് സി.കെ. ജാനു

ആദിവാസികളുടെ സമരങ്ങളെ എങ്ങനെയും വ്യാഖ്യാനിക്കാവുന്ന അവസ്ഥയാണ്

Author : ന്യൂസ് ഡെസ്ക്

വയനാട്: മുത്തങ്ങയിലെ പോലീസ് നടപടിയില്‍ എ.കെ.ആന്റണിയുടെ ഖേദപ്രകടനത്തില്‍ മറുപടിയുമായി സി.കെ. ജാനു. ആന്റണിക്ക് മാപ്പില്ലെന്നും വേണ്ടത് രാഷ്ട്രീയ പരിഹാരമെന്നും സി.കെ. ജാനു പറഞ്ഞു. ആദിവാസികള്‍ നേരിട്ട കൊടിയ പീഡനം മറക്കാന്‍ കഴിയില്ലെന്നും ആദിവാസിയുടെ ഭൂമിക്ക് മോലെയുള്ള പരിഹാരമാണ് വേണ്ടതെന്നും ജാനു ആവശ്യപ്പെട്ടു.

മുത്തങ്ങയിലെ പൊലീസ് നടപടിയില്‍ എ.കെ ആന്റണിക്ക് പശ്ചാത്താപം തോന്നിയത് നല്ല കാര്യമാണ്. പക്ഷെ അദ്ദേഹത്തിന്റെ മാപ്പ് കൊണ്ട് കാര്യമില്ല. വൈകിയ വേളയിലുള്ള കുമ്പസാരം കൊണ്ട് കാര്യമില്ല. മുത്തങ്ങാ സമരത്തില്‍ മരിച്ചവര്‍ക്ക് മാത്രമാണ് കേസില്ലാതായത്. ബാക്കിയുള്ളവര്‍ ഇപ്പോഴും കോടതി കയറി ഇറങ്ങുകയാണ്.

അതിനൊപ്പം മുത്തങ്ങ സംഭവത്തെ കുറിച്ച് അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത നരിവേട്ട സിനിമയെ വിമര്‍ശിച്ചും സി.കെ. ജാനു സംസാരിച്ചു. മുത്തങ്ങ ഭൂസമരത്തെ സിനിമ തെറ്റായി വ്യാഖ്യാനിച്ചു. സമരകാലത്തെ ആദിവാസി ജീവിതത്തെ ശരിയായ രീതിയിലല്ല സിനിമയില്‍ കാണിച്ചത്.

ആദിവാസികളുടെ സമരങ്ങളെ എങ്ങനെയും വ്യാഖ്യാനിക്കാവുന്ന അവസ്ഥയാണ്. ആദിവാസികളെ പോലീസുകാര്‍ ഒരു തരത്തിലും സംരക്ഷിച്ചില്ല. ഭൂസമരത്തെ സിനിമ ലഘൂകരിച്ചുവെന്നും ജാനു പറഞ്ഞു.

ഇന്നലെ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് മുന്‍ മുഖ്യമന്ത്രി എ.കെ ആന്റണി മുത്തങ്ങ സമരത്തിലെ പൊലീസ് നടപടിയെ കുറിച്ച് സംസാരിച്ചത്. മുത്തങ്ങ സംഭവത്തില്‍ അതിയായ ഖേദമുണ്ടെന്നായിരുന്നു എ.കെ. ആന്റണി പറഞ്ഞത്.

താന്‍ മുഖ്യമന്ത്രിയായിരിക്കെയാണ് ആദിവാസികള്‍ക്ക് ഏറ്റവും കൂടുതല്‍ ഭൂമി കൊടുത്തത്. ആരുടെയോ പ്രേരണയില്‍ മുത്തങ്ങയില്‍ ആദിവാസികള്‍ കയറി കുടില്‍ കെട്ടി. അന്ന് എല്ലാ മാധ്യമങ്ങളും, സംഘടനകളും, കുടില്‍ കെട്ടിയ ആദിവാസികളെ ഇറക്കി വിടണം എന്നാണ് പറഞ്ഞത്. പിന്നീടുണ്ടായ സംഘര്‍ഷത്തില്‍ ഒരു ആദിവാസിയും ഒരു പൊലീസുകാരനും മരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സിബിഐക്ക് വിട്ടു.

പഞ്ചസാരയും മണ്ണെണ്ണയും ഉപയോഗിച്ച് ആന്റണി പൊലീസ് ആദിവാസികളെ കത്തിച്ചുകൊന്നു എന്നാണ് അന്നത്തെ പ്രതിപക്ഷ നേതാവ് പറഞ്ഞത്. ആദിവാസി സമരത്തിന്റെ പേരില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് സിബിഐ അന്വേഷിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ട് എന്താണ്? അതില്‍ ആരെയാണ് കുറ്റപ്പെടുത്തിയത്? ആര്‍ക്കെതിരെയാണ് നടപടി ആവശ്യപ്പെട്ടിട്ടുള്ളത്? ആ റിപ്പോര്‍ട്ടും പ്രസിദ്ധീകരിക്കണമെന്നും ആന്റണി അവശ്യപ്പെട്ടു. എന്തുകൊണ്ട് തുടര്‍ന്നുവന്ന വിഎസ് പിണറായി സര്‍ക്കാരുകള്‍ മുത്തങ്ങയില്‍ ആദിവാസികളെ വീണ്ടും താമസിപ്പിക്കാന്‍ ശ്രമിച്ചില്ലെന്നും, അതിനു സാധ്യമല്ല എന്ന് ആ സര്‍ക്കാരുകള്‍ക്കും ബോധ്യമുണ്ടെന്നും ആന്റണി പറഞ്ഞിരുന്നു.

SCROLL FOR NEXT