KERALA

ബാലകൃഷ്ണൻ മാപ്പ് സാക്ഷിയാകും, അപേക്ഷ ഉടൻ സമർപ്പിക്കും; ഖത്തർ കെഎംസിസി കവർച്ചാ കേസിൽ നിർണായക നീക്കവുമായി പൊലീസ്

മറ്റൊരു പ്രതിയായ ബോംബെ ഷാജിയുടെ ശബ്ദസന്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ കമറുദീൻ പയ്യോളി, റൊട്ടാന റസാഖ് എന്നിവരുടെ പങ്കും അന്വേഷണ പരിധിയിലുണ്ട്

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: ഖത്തർ കെഎംസിസി കവർച്ചാ കേസിൽ നിർണായക നീക്കവുമായി പൊലീസ്. കസ്റ്റഡിയിലുള്ള നാലാം പ്രതി ബാലകൃഷ്ണൻ മാപ്പ് സാക്ഷിയാകും. ഇതിനായി കോടതിയിൽ ഉടൻ അപേക്ഷ സമർപ്പിക്കും. മറ്റൊരു പ്രതിയായ ബോംബെ ഷാജിയുടെ ശബ്ദസന്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ കമറുദീൻ പയ്യോളി, റൊട്ടാന റസാഖ് എന്നിവരുടെ പങ്കും അന്വേഷണ പരിധിയിലുണ്ട്. ഖത്തർ കെഎംസിസി ഓഫീസ് ലോക്കറിൽനിന്ന് 31 ലക്ഷം റിയാൽ കവർന്നകേസിൽ, കഴിഞ്ഞദിവസം ബാലകൃഷ്ണനുമായി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.

കരിപ്പൂർ വിമാനത്താവളം, കേസിലെ പ്രതി ഷാജിയടക്കമുള്ളവരുടെ വീടുകൾ, ഗൂഢാലോചന നടത്തിയ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ്‌. ബാലകൃഷ്ണൻ ഖത്തറിലേക്ക് പോയത് കണ്ണൂർ വിമാനത്താവളം വഴിയായിരുന്നെങ്കിലും തിരിച്ചുവന്നത് കരിപ്പൂർ വഴിയായിരുന്നു. ഖത്തറിൽനിന്ന്‌ ചെയ്ത ജോലിക്ക് കൂലിയായി കിട്ടിയ ഖത്തർ റിയാൽ കരിപ്പൂർ വിമാനത്താവളത്തിലെ മണി എക്സ്ചേഞ്ചിൽ നിന്നാണ് ഇന്ത്യൻ രൂപയാക്കി മാറ്റിയത്. അവിടെയും തെളിവെടുപ്പ്‌ നടത്തി. കൊയിലാണ്ടി സിഐ ആർ.എൻ. പ്രശാന്തിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്‌.

കവർച്ച നടന്നത് ഖത്തറിലായതിനാൽ ഇന്റർപോൾ മുഖേന മറ്റു തെളിവുകൾ ശേഖരിക്കാനാണ് പൊലീസ് നീക്കം. കേസിൽ അഞ്ച്‌ പ്രതികൾ കൂടി പിടിയിലാകാനുണ്ട്‌. ഇതിൽ ചിലർ ഖത്തറിലേക്ക് കടന്നതായും സൂചനകളുണ്ട്‌. അതിനിടെ കേസിൽ ആരോപണ വിധേയനായ റൊട്ടാന റസാഖിനെ പാർട്ടിയിൽ നിന്നും പുറത്താക്കി മുസ്ലീം ലീഗ്. പാർട്ടി അംഗത്വത്തിൽ നിന്നും കെഎംസിസി ഉൾപ്പടെയുള്ള പോഷക സംഘടനകളിൽ നിന്നുമാണ് അബ്ദുൾ റസാഖ് കുന്നുമ്മൽ എന്ന റൊട്ടാന റസാഖിനെ പുറത്താക്കിയത്.

അർധരാത്രിയിൽ ഖത്തർ കെഎംസിസി ഓഫീസിലെ റൂം ബോയിയെ കെട്ടിയിട്ട്, ഗ്യാസ് കട്ടർ ഉപയോഗിച്ച് ലോക്കറുകൾ തകർത്താണ് വൻ കവർച്ച നടന്നത്. പരാതിയിൽ പറയുന്നത് 31 ലക്ഷം റിയാൽ, അതായത് 8 കോടി രൂപയുടെ കവർച്ച നടന്നെന്നാണ്. പിന്നീട് കവർച്ചാ സംഘത്തലവനെന്ന് ആരോപിക്കപ്പെട്ട ബോംബെ ഷാജിയുടെ വെളിപ്പെടുത്തലായിരുന്നു ഏവരെയും ഞെട്ടിച്ചത്. "ഞങ്ങൾ അടിച്ചെടുത്തത് 8 കോടിയല്ല, 25 കോടിയോളം രൂപ!" ഒരു വർഷത്തോളം മൂടിവെക്കപ്പെട്ട കവർച്ചയായിരുന്നു അത്. കവര്‍ച്ചയ്ക്ക് പിന്നിലെ ആസൂത്രണം മുതല്‍ പണം വീതം വച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും വിവരങ്ങള്‍ പുറത്തുവന്നതിലെ കാലതാമസവും വരെ ഒട്ടേറെ ദുരൂഹതകള്‍ അവശേഷിക്കുന്ന കേസില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലാണ്.

SCROLL FOR NEXT