കൊല്ലം: മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഓപ്പറേഷൻ സിന്ദൂർ പ്രമേയമാക്കി പൂക്കളമിട്ടതിൽ കേസെടുത്തെന്ന വാർത്ത വ്യാജമെന്ന് പൊലീസ്. ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കേരള പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. അതേസമയം അത്തപ്പൂക്കള വിവാദം ഏറ്റെടുക്കാനൊരുങ്ങുകയാണ് ബിജെപി കേന്ദ്ര-സംസ്ഥാന നേതൃത്വം.
അത്തപ്പൂക്കളം ഇട്ടതിന് സൈനികൻ അടക്കം 27 പേർക്ക് എതിരെ പൊലീസ് കേസെടുത്തെന്നായിരുന്നു വാർത്ത. എന്നാൽ കോടതി വിധിക്കെതിരായി ക്ഷേത്രപരിസരത്ത് കൊടി തോരണങ്ങളും ഫ്ലക്സും പ്രദർശിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. വ്യാജ വാർത്തകൾ നിർമ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമാണെന്നും പോസ്റ്റിലുണ്ട്.
അതേസമയം മുതുപിലാക്കാട് പാർഥസാരഥി ക്ഷേത്രത്തിലെ വിവാദ അത്തപ്പൂക്കളം ഇട്ട സ്ഥലം കേന്ദ്ര മന്ത്രി സുരേഷ് ഗോപി സന്ദർശിക്കും. സൈനികനടക്കം 27 പേർക്കെതിരെ കേസെടുത്തതിന് ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലേക്ക് ബിജെപി പ്രതിഷേധത്തിന് അഹ്വാനം ചെയ്തിയട്ടുണ്ട്.