സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ കേസിൽ നടൻ ബോബി കുര്യനെ പൊലീസ് ചോദ്യം ചെയ്തു. രഞ്ജിത്തിനെ ഒളിവിൽ പോകാൻ സഹായിച്ചുവെന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.
അതേസമയം, രഞ്ജിത്തിൻ്റെ കേസിനെ കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് ബോബി കുര്യൻ മൊഴി നൽകിയിരിക്കുന്നത്. രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തപ്പോഴാണ് ഇതിനെക്കുറിച്ച് അറിഞ്ഞത്. എന്നാൽ ബോബിയുടെ മൊഴി അന്വേഷണസംഘം വിശ്വാസത്തിലെടുത്തിട്ടില്ല. ഇതിനെ തുടർന്ന് ഇയാളെ വീണ്ടും ചോദ്യം ചെയ്തേക്കും.
രഞ്ജിത്തിനൊപ്പം കാറിൽ ഉണ്ടായിരുന്ന സഹ സംവിധായക ശാലിനിയെയും ചോദ്യം ചെയ്തിരുന്നു. സംഭവം നടന്ന കാരവാനും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബോബി കുര്യനും ശാലിനിയും രഞ്ജിത്തിന് ഒളിവിൽ പോകാൻ സഹായമൊരുക്കിയതായാണ് എസ്ഐടിയുടെ സംശയം.
ജനുവരി 30നാണ് നടിക്കെതിരെ ലൈംഗികാതിക്രമം നടന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നത്. അതിജീവിതയുടെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റിലേക്ക് കടന്നതെന്നും അന്വേഷണസംഘം അറിയിച്ചിരുന്നു. കാരവാനിൽ വെച്ച് രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി. സാക്ഷികളുടെ മൊഴിയുടെയും മൊബൈൽ ടവർ അടക്കമുള്ള തെളിവുകളുടെയും അടിസ്ഥാനത്തിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. സാഹചര്യ തെളിവുകൾ രഞ്ജിത്തിന് എതിരെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ ജാമ്യം ലഭിച്ചതിനെ തുടർന്ന് ഈ മാസം 10ന് രഞ്ജിത്ത് ജയിൽ മോചിതനായിരുന്നു.