കെ.ജെ. ഷൈൻ Source: Facebook
KERALA

കെ.ജെ. ഷൈനിന് എതിരായ സൈബർ ആക്രമണം: കെ.എം. ഷാജഹാന്റെ വീട്ടിൽ പൊലീസ് റെയ്ഡ്; ഐഫോൺ കസ്റ്റഡിയിലെടുത്തു

എറണാകുളം റൂറൽ സൈബർ പൊലീസും പറവൂർ പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: സിപിഐഎം നേതാവ് കെ.ജെ. ഷൈനിന് എതിരായ സൈബർ ആക്രമണത്തിൽ കെ.എം. ഷാജഹാന്റെ വീട്ടിൽ പൊലീസ് റെയ്ഡ്. എറണാകുളം റൂറൽ സൈബർ പൊലീസും പറവൂർ പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. യൂട്യൂബ് ചാനലിലൂടെ കെ.ജെ. ഷൈനിനെതിരെ അപകീർത്തിപരമായ വീഡിയോ കെ.എം. ഷാജഹാൻ പുറത്തുവിട്ടിരുന്നു. ഇതിനെതിരെ കെ.ജെ. ഷൈൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന.

റെയ്ഡിൽ പൊലീസ് ഷാജഹാന്റെ ഐഫോൺ കസ്റ്റഡിയിലെടുത്തു. ഷാജഹാൻ യൂട്യൂബ് ചാനലിൽ വീഡിയോ അപ്‌ലോഡ് ചെയ്യാൻ ഉപയോഗിക്കുന്ന ഫോൺ ആണ് കസ്റ്റഡിയിൽ എടുത്തത്. നാളെ ചോദ്യം ചെയ്യലിന് ഹാജരാക്കണം എന്ന് കാട്ടി ഷാജഹാന് നോട്ടീസ് നൽകും. ഉച്ചയ്ക്ക് ശേഷം ആലുവ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം നൽകുക.

ഇന്നുതന്നെ പൊലീസ് മൂന്നാം പ്രതിയുടെ വീട്ടിലും പരിശോധന നടത്തിയിരുന്നു. യൂട്യൂബറായ കൊണ്ടോട്ടി അബു എന്ന യാസിർ ഇടപ്പാള്ളിന്റെ മലപ്പുറത്തെ വീട്ടിലാണ് പരിശോധന നടത്തിയത്. ഇയാൾ വിദേശത്താണെന്നാണ് വിവരം. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് കൈമാറും. കെ.ജെ ഷൈനിന് എതിരായ അപവാദ പ്രചാരണക്കേസിൽ കോൺഗ്രസ് നേതാവ് സി കെ ഗോപാലകൃഷ്ണൻ്റെ വീട്ടിലും പൊലീസ് പരിശോധന നടത്തിയിരുന്നു. പറവൂരിലെ വീട്ടിൽ നിന്ന് ഫോൺ പിടിച്ചെടുത്തു.

ഇന്ന് ഉച്ചയോടെയാണ് ഗോപാലകൃഷ്ണൻ്റെ പറവൂരിലെ വീട്ടിലെത്തി പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയത്. പരിശോധനയിൽ ഒരു മൊബൈൽ ഫോൺ പോലീസ് കണ്ടെടുത്തു. അപവാദ പ്രചാരണത്തിന് ഉപയോഗിച്ച ഫോണാണെന്ന സംശയത്തെ തുടർന്ന് ഫോൺ ഫോറൻസിക്ക് പരിശോധനയ്ക്കയച്ചു. അതേസമയം, കേസിൽ പ്രതികളായ ഗോപാലകൃഷ്ണനും കെ.എം. ഷാജഹാനും ഒളിവിൽ തുടരുകയാണ്.

കെ.ജെ. ഷൈനേയും വൈപ്പിൻ എംഎൽഎ കെ.എൻ. ഉണ്ണികൃഷ്ണനും എതിരായി സോഷ്യൽ മീഡിയയിലൂടെയാണ് ഷാജഹാനും ഗോപാലകൃഷ്ണനും അപവാദ പ്രചരണം നടത്തിയത്. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ ഇരുവരെയും ഇതുവരെ കണ്ടെത്താൻ പൊലീസിനായിട്ടില്ല. ഇവരെ കൂടാതെ കേസിൽ ഒരാളെ കൂടി പോലീസ് പ്രതി ചേർത്തിട്ടുണ്ട്. കൊണ്ടോട്ടി അബൂ എന്ന ഫെയ്സ് ബുക്ക് പേജിലൂടെ കെ.ജെ. ഷൈനിനേയും എംഎൽഎയേയും അധിക്ഷേപിച്ച യാസർ എടപ്പാളിനെതിരെയാണ് എഫ്ഐആർ.

SCROLL FOR NEXT