KERALA

ആർ. സുഗതന്റെ വ്യാജ ഒപ്പ് പരാതിയില്‍ മേയർ വി.വി. രാജേഷ് ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസെടുത്ത് പൊലീസ്

എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് എസ്.പി. ദീപക്കിന്റെ പരാതിയിലാണ് പൊലീസ് നടപടി.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം കോർപ്പറേഷൻ ഭരണം നിലനിർത്താനായി ബിജെപി കൗൺസിലർ ആർ. സുഗതന്റെ വ്യാജ ഒപ്പ് ഹാജർബുക്കിൽ രേഖപ്പെടുത്തി എന്ന പരാതിയിൽ മ്യൂസിയം പൊലീസ് കേസെടുത്തു. മേയർ വി.വി. രാജേഷ് ഉൾപ്പെടെ മൂന്നുപേർക്കെതിരെയാണ് കേസെടുത്തത്. മേയർക്കു പുറമേ ആർ. സുഗതൻ, കോർപ്പറേഷൻ സെക്രട്ടറി എന്നിവർക്കെതിരെയാണ് കേസ്. എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് എസ്.പി. ദീപക്കിന്റെ പരാതിയിലാണ് പൊലീസ് നടപടി.

വാഴോട്ടുകോണം കൗൺസിലറായ സുഗതൻ ഒളിവിലായിരുന്നപ്പോൾ നടന്ന കൗൺസിൽ യോഗങ്ങളിൽ പങ്കെടുത്തതായി വരുത്തിത്തീര്‍ക്കാന്‍ വ്യാജ ഒപ്പ് രേഖപ്പെടുത്തിയെന്നാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ദീപക്ക് പൊലീസില്‍ പരാതി നല്‍കിയത്. കാപ്പാ കേസിൽ ജൂൺ ഒമ്പതിനാണ് സുഗതന്‍ അറസ്റ്റിലാകുന്നത്. എന്നാല്‍ അറസ്റ്റ് ഭീഷണി നിലനിന്നിരുന്നതിനാല്‍, അതിനു മുന്‍പുള്ള കൗണ്‍സില്‍ യോഗങ്ങളില്‍ സുഗതന്‍ പങ്കെടുത്തിരുന്നില്ല. ഫെബ്രുവരി 26, മാർച്ച് 11, ഏപ്രിൽ 27 തീയതികളിലെ യോഗങ്ങളില്‍ പങ്കെടുത്തതായി വരുത്തിത്തീര്‍ക്കാന്‍ ഒപ്പ് വ്യാജമായി രേഖപ്പെടുത്തിയെന്നുമാണ് ആരോപണം.

പരാതിയില്‍ അന്വേഷണം ആരംഭിച്ച മ്യൂസിയം പൊലീസ് കോര്‍പ്പറേഷന്‍ ആസ്ഥാനത്തെത്തി ഹാജര്‍ ബുക്ക് ഉള്‍പ്പെടെ രേഖകള്‍ പരിശോധിച്ചിരുന്നു. പരാതിയില്‍ കഴമ്പുണ്ടെന്ന പ്രാഥമിക വിലയിരുത്തലിനെ തുടര്‍ന്നാണ് കേസെടുത്തത്. കേസെടുത്തതിൽ പ്രീതിയുമില്ല, വിദ്വേഷവുമില്ല, തിടുക്കവും ഇല്ലെന്ന് യുഡിഎഫ് പാര്‍ലമെന്ററി നേതാവ് കെ.എസ്‌. ശബരിനാഥൻ പ്രതികരിച്ചു. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. ഒപ്പ് വ്യാജമാണോ എന്ന് ശാസ്ത്രീയമായി പഠിക്കട്ടെ. *ബിജെപിക്ക് ഭയപ്പെടാൻ എന്തോ ഉണ്ടെന്നാണ് മനസ്സിലാക്കുന്നതെന്നും ശബരീനാഥന്‍ പറഞ്ഞു. അതേസമയം, കരുതൽ തടവ് റദ്ദാക്കിയതിനെത്തുടർന്ന് ചൊവ്വാഴ്ച സുഗതൻ ജയില്‍ മോചിതനായിരുന്നു.

SCROLL FOR NEXT