കെ.ജെ. ഷൈൻ Source: Facebook
KERALA

സൈബർ ആക്രമണം: കെ.ജെ. ഷൈനിന്റെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; പ്രതിപ്പട്ടികയിൽ 'പ്രതിപക്ഷം' യൂട്യൂബ് ചാനലും

ഒരു മണിക്കൂറോളം നീണ്ട മൊഴിയെടുപ്പിന് ശേഷമാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: സൈബർ അപവാദ പ്രചാരണത്തിൽ സിപിഐഎം നേതാവ് കെ.ജെ. ഷൈനിന്റെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്. യൂട്യൂബ് ചാനൽ, വെബ് പോർട്ടലുകൾ എന്നിവയെ പ്രതിയാക്കിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കെ.എം. ഷാജഹാന്റെ 'പ്രതിപക്ഷം' യൂട്യൂബ് ചാനലും പ്രതി പട്ടികയിലുണ്ട്. റൂറൽ സൈബർ പൊലീസ് എസ്എച്ച്ഒ കേസ് അന്വേഷിക്കും.

ഒരു മണിക്കൂറോളം നീണ്ട മൊഴിയെടുപ്പിന് ശേഷമാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള തരംതാണ പരിപാടിയാണിതെന്നായിരുന്നു സൈബർ ആക്രമണത്തിൽ കെ.ജെ. ഷൈനിൻ്റെ പ്രതികരണം. അപവാദപ്രചാരണങ്ങൾ നടക്കുന്നു എന്ന് ആദ്യം അറിയിച്ചത് ഒരു കോൺഗ്രസ് നേതാവ് ആണെന്നും ഷൈൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.

എന്തും ഏതും പറയാവുന്ന രാഷ്ട്രീയ പാപ്പരത്തമാണ് കാണുന്നതെന്ന് ഷൈനിന്റെ ഭർത്താവ് ഡൈനിയസ് തോമസ് പറയുന്നു. താൻ അകപ്പെട്ട ചെളിക്കുണ്ടിൽ നിന്ന് കരകയറാൻ മറ്റുള്ളവരുടെ മേലിൽ ചളി വാരി എറിയുകയാണെന്നും ഭർത്താവിന്റെ വിമർശനം.

അതേസമയം അപവാദ പ്രചാണത്തിൽ തന്റെ നെഞ്ചത്ത് കയറുന്നത് എന്തിനാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ ചോദ്യം. പ്രചാരണത്തിന് പിന്നിൽ സിപിഐഎമ്മിലെ വിഭാഗീയതയാണ്. സിപിഐഎം ആത്മപരിശോധന നടത്തട്ടെയെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. എറണാകുളം ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസും ഇതേ ആരോപണമാണ് ആവർത്തിക്കുന്നത്. പ്രതിപക്ഷ നേതാവിനു മേൽ കുതിര കയറേണ്ട. ബോംബ് പൊട്ടും എന്ന് പറഞ്ഞ പ്രാദേശിക കോൺഗ്രസ്‌ നേതാവിന്റെ പേര് ഷൈൻ ടീച്ചർ പറയട്ടെയെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.

കെ.ജെ. ഷൈന് എതിരായ അധിക്ഷേപ പോസ്റ്റ് ഇട്ടതിൽ ന്യായീകരണവുമായി പ്രാദേശിക കോൺഗ്രസ് നേതാവ് ഗോപാലകൃഷ്ണൻ ചെട്ടിശേരിൽ രംഗത്തെത്തിയിരുന്നു. ഒരു ഗ്രൂപ്പിൽ കണ്ടത് ഷെയർ ചെയ്യുക മാത്രമാണ് ചെയ്തത്. താൻ വ്യക്തിപരമായി ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും ഗോപാലകൃഷ്ണൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.

SCROLL FOR NEXT