ഷാഫി പറമ്പിൽ, ഇ.എൻ. സുരേഷ് ബാബു Source: News Malayalam 24x7
KERALA

ഷാഫി പറമ്പിലിനെതിരായ അധിക്ഷേപ പരാമർശം: ഇ.എൻ. സുരേഷ് ബാബുവിനെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസ്

നേരിട്ടുള്ള പരാതി അല്ലാത്തതിനാൽ ബിഎൻഎസ് 356 പ്രകാരം അപകീർത്തി കേസ് നിലനിൽക്കില്ലെന്നാണ് നോർത്ത് സിഐയുടെ റിപ്പോർട്ട്

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: വടകര എംപി ഷാഫി പറമ്പിലിനെതിരായ അധിക്ഷേപ പരാമർശത്തിൽ സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസ്. വിഷയത്തിൽ കോൺഗ്രസ്‌ ബ്ലോക്ക്‌ കമ്മറ്റി പ്രസിഡന്‍റ് സി.വി. സതീഷാണ് പരാതി നൽകിയത്. ഈ പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്ന് പാലക്കാട്‌ നോർത്ത് പൊലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട റിപ്പോർട്ട് പാലക്കാട് നോർത്ത് സിഐ പാലക്കാട് എഎസ്പിക്ക് നൽകി. നേരിട്ടുള്ള പരാതി അല്ലാത്തതിനാൽ ബിഎൻഎസ് 356 പ്രകാരം അപകീർത്തി കേസ് നിലനിൽക്കില്ലെന്നാണ് നോർത്ത് സിഐയുടെ റിപ്പോർട്ട്.

തനിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ നിയമപരമായി മുന്നോട്ട് പോകുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞിരുന്നെങ്കിലും, പരാതി നൽകിയിരുന്നില്ല. എന്നാൽ ഷാഫി പറമ്പിലിനെതിരായ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നെന്നായിരുന്നു ഇ. എൻ. സുരേഷ് ബാബുവിൻ്റെ പ്രസ്താവന. ആരെങ്കിലും പറയുന്നത് കേട്ട് പറഞ്ഞതല്ലെന്നും, പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നും സുരേഷ് ബാബു പറഞ്ഞിരുന്നു. വ്യക്തിപരമായി ഉയരുന്ന അശ്ലീലങ്ങളെ കുറിച്ച് ചർച്ച ചെയ്യൻ സിപിഐഎമ്മിന് താൽപ്പര്യമില്ല. വ്യക്തത ഉണ്ടെങ്കിൽ മാത്രം ഞങ്ങൾ പറയാറുള്ളൂ. ആരെങ്കിലും പറയുന്നത് കേട്ട് അഭിപ്രായം പറയുന്നവരല്ല സിപിഐഎം എന്നും സുരേഷ് ബാബു മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

SCROLL FOR NEXT