Source: News Malayalam 24x7
KERALA

'പോറ്റിയേ കേറ്റിയേ' പാരഡി വിവാദം: പാട്ടിൽ അന്വേഷണം നിർത്തിയിട്ടില്ലെന്ന് പൊലീസ് വിവരാവകാശ രേഖ

തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസാണ് അന്വേഷണ പുരോഗതി അറിയിച്ചത്

Author : ലിൻ്റു ഗീത

തിരുവനന്തപുരം: പോറ്റിയേ കേറ്റിയേ പാരഡി പാട്ടിൽ അന്വേഷണം നിർത്തിയിട്ടില്ല എന്ന് പൊലീസ്. ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ല. സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസും നൽകിയിട്ടില്ല. വാദിയുടെ മൊഴി രേഖപ്പെടുത്തിയെന്നും സൈബർ ക്രൈം പൊലീസിൻ്റെ വിവരാവകാശ രേഖയിൽ പറയുന്നു. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസാണ് അന്വേഷണ പുരോഗതി അറിയിച്ചത്.

ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നാലെയാണ് പാരഡി ഗാനം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി തയ്യാറാക്കിയാണെങ്കിലും പോറ്റിയേ കേറ്റിയേ എന്ന പാരഡി പാട്ടിന് വലിയ തോതിൽ സ്വീകാര്യത ലഭിച്ചിരുന്നു. മലപ്പുറം പടിഞ്ഞാറ്റുമുറിയിലെ ഡാനിഷ് മുഹമ്മദ് എന്നയാളാണ് ഈ പാട്ട് പാടിയത്. സമൂഹമാധ്യമങ്ങളിൽ പാട്ട് വൈറലായതോടെ പാട്ടിനെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു.

ഭക്തരെ അപമാനിക്കുന്ന തരത്തിലാണ് പാട്ട് പ്രചരിക്കുന്നത്. രാഷ്ട്രീയ ലാഭത്തിനുവേണ്ടി പാട്ടിനെ വികലമാക്കി, തുടങ്ങി നിരവധി ആരോപണങ്ങൾ ഉയർന്നുവന്നിരുന്നു, പിന്നാലെ രാഷ്ട്രീയ ലാഭത്തിനുള്ള പാട്ടിനൊപ്പം അയ്യപ്പനെ ചേർത്തത് വേദനിപ്പിച്ചുവെന്നും ഭക്തരെ അപമാനിച്ചെന്നും, പാട്ട് പിൻവലിക്കണം എന്നും ആവശ്യപ്പെട്ട് തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് ഡിജിപിക്ക് പരാതി നൽകിയത്.

അതേസമയം, പോറ്റിയേ കേറ്റിയേ പാരഡി പാട്ടിന് മറുപടി പാട്ടുമായി സിപിഐഎമ്മും രം​ഗത്തെത്തിയിരുന്നു. പോറ്റിയെ വളർത്തിയത് യുഡിഎഫ് ആണെന്നും ജയിലിൽ കയറ്റിയത് പിണറായി സർക്കാരാണെന്നുമാണ് സിപിഐഎമ്മിൻ്റെ പാരഡി പാട്ടിൻ്റെ വരികൾ. കക്കാൻ കേറ്റിയത് ഉമ്മൻചാണ്ടി ഭരണത്തിലാണെന്നും കട്ടത് കോൺഗ്രസും വിറ്റത് കന്നഡയിലെന്നും പാട്ടിൽ ആരോപണമുണ്ട്. പോറ്റി സോണിയയെ കണ്ടതിലും പരിഹാസം. സിപിഐഎം കുന്നമംഗലം ഏരിയാ കമ്മിറ്റിയാണ് പാട്ട് പുറത്തിറക്കിയത്.

SCROLL FOR NEXT