KERALA

പൂക്കളത്തിലെ കാവിക്കൊടി വിവാദം; തര്‍ക്കം രാഷ്ട്രീയ ലക്ഷ്യത്തോടെ ഒരു വിഭാഗം വളച്ചൊടിച്ചെന്ന് പൊലീസ്

പൂക്കളത്തിനൊപ്പം ആര്‍എസ്എസ് പതാകക്ക് സമാനമായ കാവിക്കൊടി വരച്ചതില്‍ തര്‍ക്കം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ക്ഷേത്രം ഭരണ സമിതി പൊലീസിനെ സമീപിച്ചത്.

Author : ന്യൂസ് ഡെസ്ക്

കൊല്ലം: മുതുപിലാക്കാട് പാര്‍ഥസാരഥി ക്ഷേത്രത്തിന് മുന്നില്‍ ഒരുക്കിയ പൂക്കളത്തില്‍ കാവിക്കൊടി വരച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം രാഷ്ട്രീയ ലക്ഷ്യത്തോടെ ഒരു വിഭാഗം വളച്ചൊടിച്ചതാണെന്ന് പൊലീസ്. പൂക്കളത്തിനൊപ്പം ആര്‍എസ്എസ് പതാകക്ക് സമാനമായ കാവിക്കൊടി വരച്ചതില്‍ തര്‍ക്കം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ക്ഷേത്രം ഭരണ സമിതി പൊലീസിനെ സമീപിച്ചത്.

പൂക്കളത്തിനൊപ്പം രേഖപ്പെടുത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന എഴുത്ത് മായിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടുവെന്ന പ്രചാരണമാണ് ഒരു വിഭാഗം നടത്തുന്നത്. നിലവിലുള്ള വിവാദം ചിലര്‍ ബോധപൂര്‍വ്വം സൃഷ്ടിച്ചതാണെന്നാണ് ആക്ഷേപം.

മുതുപിലാക്കാട് പാര്‍ഥ സാരഥി ക്ഷേത്രത്തിന് മുന്നില്‍ തിരുവോണ നാളിലാണ് ഒരു കൂട്ടം യുവാക്കള്‍ പൂക്കളത്തിനൊപ്പം കാവിക്കൊടിയും വരച്ചത്. ആര്‍എസ്എസിന്റെ കൊടിക്ക് സമാനമായ കാവിക്കൊടി വരച്ചതില്‍ ചിലര്‍ എതിര്‍പ്പറിയിക്കുകയും ചെയ്തു. പൂക്കളത്തിന് സമീപം തന്നെ ഛത്രപതി ശിവജിയുടെ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചതിനെതിരെയും വിമര്‍ശനം ഉയര്‍ന്നു. രാഷ്ട്രീയ ചിഹ്നങ്ങള്‍ നീക്കം ചെയ്യണമെന്ന് യുവാക്കളോട് ക്ഷേത്ര ഭരണസമിതി ആവശ്യപ്പെട്ടുവെങ്കിലും തയാറായില്ല.

ഇതോടെ ക്ഷേത്രം ഭരണം സമിതി നല്‍കിയ പരാതിയിലാണ് പൊലീസ് ഇടപെടല്‍ ഉണ്ടായത്. പൊലീസ് ഇടപെട്ടതോടെ പൂക്കളത്തിന് സമീപം എഴുതിയ ഓപ്പറേഷന്‍ സിന്ദൂര്‍ എന്നത് മായ്ക്കാനാണ് പൊലീസ് ആവശ്യപ്പെട്ടതെന്നാരോപിച്ച് പ്രശ്‌നം വഴി തിരിച്ച് വിടാനാണ് ഒരു കൂട്ടം ആളുകള്‍ ശ്രമിച്ചത്. പൂക്കളം ഒരുക്കുന്നത് സംബന്ധിച്ച് ഇവിടെ നേരത്തെയും തര്‍ക്കം നിലനിന്നിരുന്നു. ഇത് പരിഹരിക്കാന്‍ ഇടത്-കോണ്‍ഗ്രസ് പ്രതിനിധികള്‍ അടക്കം ഉള്‍പ്പെടുന്ന ക്ഷേത്ര ഭരണ സമിതിയെയും സംഘപരിവാര്‍ പ്രവര്‍ത്തകരേയും ഉള്‍പ്പെടുത്തി പൂക്കളം ഒരുക്കുന്നതില്‍ പൊലീസ് ചര്‍ച്ചയും നടത്തിയിരുന്നു.

പൂക്കളത്തില്‍ രാഷ്ട്രീയമായ ചിഹ്നങ്ങളോ അടയാളങ്ങളോ പാടില്ലെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തു. നിര്‍ദേശം ലംഘിച്ചാല്‍ കലാപ ശ്രമത്തിന് കേസെടുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് മറികടന്നാണ് ഒരു കൂട്ടം യുവാക്കള്‍ പൂക്കളത്തിനൊപ്പം ആര്‍എസ്എസ് പതാകക്ക് സമാനമായ കാവിക്കൊടി വരച്ചത്. തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് രാഷ്ട്രീയ ചിഹ്നങ്ങള്‍ നീക്കം ചെയ്യാന്‍ പൊലീസ് ആവശ്യപ്പെട്ടുവെങ്കിലും നിരസിച്ചതോടെ 27 പേര്‍ക്കെതിരെ കേസെടുത്ത് എഫ്.ഐ.ആര്‍ ഇടുകയും ചെയ്തു.

എഫ്‌ഐആറിലും കാവിക്കൊടി നീക്കം ചെയ്യാനാണ് ആവശ്യപ്പെട്ടതെന്നത് വ്യക്തമാണ്. പൂക്കളത്തിലെ കാവിക്കൊടി ഒഴിവാക്കണമെന്ന പൊലീസ് നിര്‍ദേശം ഓപ്പറേഷന്‍ സിന്ദൂര്‍ എന്നെഴുതിയത് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു എന്ന തരത്തിലാക്കി ചില കേന്ദ്രങ്ങളില്‍ നിന്ന് ബോധപൂര്‍വ്വം പ്രചാരണം നടത്തിയതാണെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. സംഭവം ബി.ജെ.പി പ്രചാരണ ആയുധമായി ഏറ്റെടുത്തതോടെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഇന്നലെ സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. പൂക്കളത്തില്‍ കാവിക്കൊടി വരയ്ക്കുന്നതില്‍ തെറ്റില്ലെന്നും പൊലീസ് നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നുമാണ് ബിജെപി നിലപാട്.

SCROLL FOR NEXT