കണ്ണൂർ: ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി കോടതി പരിസരത്ത് മദ്യപിച്ചതിൽ കേസെടുക്കാൻ നിയമോപദേശം തേടി പൊലീസ്. കൊടി സുനിയും സംഘവും മദ്യപിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിൻ്റെ പശ്ചാത്തലത്തിലാണ് പൊലീസ് നടപടിയെടുക്കാൻ നീക്കം നടത്തുന്നത്.
ജൂലൈ 17 ന് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തലശ്ശേരി കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോൾ കൊടി സുനിയും സംഘവും കോടതിക്ക് മുന്നിലുള്ള ഹോട്ടലിൻ്റെ പിറകുവശത്ത് നിന്ന് മദ്യപിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തിൽ കൊടി സുനിക്ക് എസ്കോർട്ട് പോയ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തിരുന്നു. സുനി കോടതി പരിസരത്ത് വെച്ച് ഇതിന് മുമ്പും മദ്യപിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇതേത്തുടർന്ന് ടിപി കേസ് പ്രതികൾക്ക് എസ്കോർട്ടിന് സീനിയർ ഉദ്യോഗസ്ഥരെ നിയോഗിക്കാൻ തീരുമാനമായിട്ടുണ്ട്. കോടതി പരിസരത്തും, യാത്രയിലും കൂടുതൽ നിരീക്ഷണം ഏർപ്പെടുത്താനും വിലങ്ങ് നിർബന്ധമാക്കാനും തീരുമാനമായിട്ടുണ്ട്. മദ്യപാനത്തിൽ കേസെടുക്കാൻ നിയമോപദേശം തേടിയതായി പൊലീസ് അറിയിച്ചു.