തിരുവനന്തപുരം: പാങ്ങപ്പാറയിൽ 17-കാരനെ കൊലപ്പെടുത്തിയ സംഭവം കൃത്യമായ ആസൂത്രണത്തോടെയാണെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ അരുൾ ബി. കൃഷ്ണ പറഞ്ഞു. പൊലീസ് പിടിക്കുകയാണെങ്കിൽ പ്രായപൂർത്തിയാകാത്തയാൾ കൊലപാതകം നടത്തിയെന്ന് കുറ്റസമ്മതം നടത്തണമെന്ന് പ്രതികൾ നേരത്തെ തീരുമാനിച്ചിരുന്നു. പ്രതികളിൽ ഒരാൾ കൈകൊണ്ടും ഒരാൾ ബെൽറ്റുകൊണ്ടും അഭിറാമിൻ്റെ കഴുത്ത് ഞെരിച്ചാണ് കൊലപാതകം നടത്തിയത്.
അഭിരാമിലൂടെ മറ്റൊരാളെ എത്തിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. അഭിരാമിനെ ആക്രമിക്കുമെന്ന് കാട്ടി പെൺകുട്ടിക്ക് ഒന്നാം പ്രതി മഴുവിൻ്റെ ഫോട്ടോ അയച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രതികൾക്ക് കൃത്യമായ പദ്ധതിയുണ്ടായിരുന്നു. കൊല്ലപ്പെട്ടയാളല്ലായിരുന്നു ലക്ഷ്യമെന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
കേസിൽ നിലവിൽ മൂന്ന് പ്രതികളാണ് ഉള്ളതെന്നും ഒന്നാംപ്രതിയും രണ്ടാംപ്രതിയും ചേർന്നാണ് കൊലപാതകം നടത്തിയതെന്നും കമ്മീഷണർ വ്യക്തമാക്കി. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ശ്രീകാര്യം സിഐയുടെ നേതൃത്വത്തിലാണ് ഈ 16 അംഗ സംഘം അന്വേഷണം നടത്തിയത്. മൃതദേഹം എവിടെയാണ് ഉപേക്ഷിച്ചത് എന്നത് സംബന്ധിച്ച് കുറ്റസമ്മതം നടത്തിയത് ഒന്നാം പ്രതിയായ 17-കാരനാണ്.
മൂന്നാം പ്രതിക്കും കൊലപാതകത്തെക്കുറിച്ച് കൃത്യമായ അറിവ് ഉണ്ടായിരുന്നു. 17-കാരൻ മുൻപ് പ്രതിയായിട്ടുള്ള കേസുകളിലെ ഒന്നാം പ്രതിയാണ് ഈ കേസിലെ രണ്ടാംപ്രതി ഉമർ. ആ സാഹചര്യത്തിലാണ് ഉമറിനെ ഈ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തത്. ഉമർ പൊലീസ് വാഹനത്തിൽ വച്ച് തന്നെ കാര്യങ്ങൾ തുറന്നുപറഞ്ഞിരുന്നു. കൊലപാതകം നടത്തുന്നതിനായി പ്രതികൾ ദിവസങ്ങൾ നീണ്ട ഗൂഢാലോചന നടത്തിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.