തിരുവനന്തപുരം: പേരൂർക്കട എസ്എപി ക്യാമ്പിൽ പൊലീസുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ആരോപണവുമായി ആനന്ദിന്റെ കുടുംബം. എസ്എപി ക്യാമ്പിൽ ആനന്ദിന് ക്രൂരമായ അനുഭവങ്ങളുണ്ടായെന്നാണ് കുടുംബത്തിൻ്റെ ആരോപണം. മേലുദ്യോഗസ്ഥരിൽ നിന്ന് പീഡനം നേരിട്ടു. ജാതി അധിക്ഷേപം നേരിടേണ്ടി വന്നെന്നും ആനന്ദിൻ്റെ കുടുംബം ആരോപിച്ചു.
ആനന്ദിന്റെ കൈയിൽ മുറിവുണ്ടായതിൽ സംശയമുണ്ടെന്ന് സഹോദരൻ അരവിന്ദ് പറയുന്നു. ജാതി അധിക്ഷേപം നേരിട്ടെന്ന കാര്യം ഇന്നലെപ്പോലും ആനന്ദ് വിളിച്ചുപറഞ്ഞിരുന്നു. ഹവിൽദാർ തസ്തികയിലുള്ള ബിപിന്റെ ഭാഗത്ത് നിന്ന് ആനന്ദിന് മോശമായ അനുഭവമുണ്ടായെന്നും സഹോദരൻ പറഞ്ഞു.
ഉന്നത ഉദ്യോഗസ്ഥർ എത്തും വരെ മൃതദേഹം മെഡിക്കൽ കോളേജിൽ നിന്ന് കൊണ്ടുപോകില്ലെന്ന നിലപാടിലായിരുന്നു കുടുംബം. പിന്നാലെ എസ്എപി കമാഡൻ്റ് യോഗേഷ് മന്ദയ്യ മെഡിക്കൽ കോളേജ് മോർച്ചറിയിൽ എത്തി.
വ്യാഴാഴ്ച രാവിലെയാണ് പേരൂർക്കട എസ്എപി ക്യാമ്പിലെ പൊലീസ് ട്രെയിനി ആനന്ദിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിലെ ദുരൂഹത മാറ്റണമെന്നാവശ്യപ്പെട്ട് ആനന്ദിൻ്റെ സഹോദരൻ പേരൂർക്കട പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ആനന്ദ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ചികിത്സക്കുശേഷം ക്യാമ്പിൽ വിശ്രമത്തിലായിരുന്ന ആനന്ദിനെ ഇന്ന് രാവിലെ ബാരക്കിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ട്രെയിനിങ്ങിന്റെ ഭാഗമായി ബി കമ്പനി പ്ലാത്തൂണായി നിയമിച്ച ശേഷമാണ് ആനന്ദിന് സമ്മർദം തുടങ്ങിയതെന്നാണ് സഹപ്രവർത്തകർ പറയുന്നത്.