കോഴിക്കോട് മലാപ്പറമ്പിലെ സെക്സ് റാക്കറ്റ് കേസിൽ അറസ്റ്റിലായ പൊലീസുകാർക്ക് ജാമ്യം. വിജിലൻസിലും, സിറ്റി കൺട്രോൾ റൂമിലും ജോലി ചെയ്യുന്ന ഡ്രൈവർമാരായ ഷൈജിത്ത്, സനിത്ത് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.
പുതിയ ഒളിസങ്കേതം തേടി പോകുന്നതിനിടെ താമരശേരിയിൽ വച്ച് കാറിൽ നിന്നാണ് നടക്കാവ് പൊലീസും സിറ്റി ക്രൈം സ്കോഡും ചേർന്ന് പ്രതികളെ പിടികൂടുകയായിരുന്നു. ഇന്നലെ രാത്രിയോടെ താമരശ്ശേരിയിൽ നിന്നാണ് പ്രതികൾ പൊലീസിൻ്റെ പിടിയിലാകുന്നത്.
താമരശേരി കോരങ്ങാട് നിന്ന് സുഹൃത്തിൻ്റെ കാറിൽ പുതിയ ഒളി സങ്കേതം തേടി പോകുന്നതിനിടെയാണ് പ്രതികൾ പൊലീസിന്റെ പിടിയിലായത്. ഇവർക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. വിദേശത്തേക്ക് കടക്കാതിരിക്കാൻ ഷൈജിത്തിൻ്റെ പാസ്പോർട്ടും അന്വേഷണസംഘം പിടിച്ചെടുത്തിരുന്നു. ഇവരുമായി ബന്ധപ്പെട്ട ആളുകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലേക്കെത്തിയത്.
കഴിഞ്ഞ തിങ്കളാഴ്ച മുതൽ താമരശേരി ഭാഗത്ത് ഒഴിഞ്ഞ വീടിൻ്റെ മുകൾ നിലയിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ എന്ന് അന്വേഷണസംഘം അറിയിച്ചു. ഇരുവർക്കും യാത്ര ചെയ്യാൻ ഒന്നാം പ്രതി ബിന്ദുവിൻ്റെ ഭർത്താവ് രാജുവിൻ്റെ കാർ ഉണ്ടായിരുന്നു. ഈ കാറും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സെക്സ് റാക്കറ്റ് കേന്ദ്രം നടത്തിപ്പുകാരുമായി അടുത്ത ബന്ധം ഈ രണ്ടു പൊലീസുകാർക്കും ഉണ്ടായിരുന്നതായാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. സെക്സ് റാക്കറ്റ് സംഘവുമായി ചേർന്ന് വലിയ സാമ്പത്തിക നേട്ടം ഇവർ ഉണ്ടാക്കിയെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇവരെ കൂടുതൽ ചോദ്യം ചെയ്താലേ മറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാവൂ.
ഡിസിപിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേന്ദ്രത്തിൽ പരിശോധന നടത്തിയത്. നടത്തിപ്പുകാരായ മൂന്നുപേർ ഉൾപ്പെടെ 9 പേരെ അന്ന് അറസ്റ്റ് ചെയ്തിരുന്നു. അപ്പാർട്ട്മെൻ്റ് വാടകയ്ക്ക് എടുത്ത അമനീഷ് കുമാർ വിദേശത്താണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമം അന്വേഷണ സംഘം തുടങ്ങിക്കഴിഞ്ഞു. ടൗൺ പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ നടക്കാവ് പൊലീസിന് കൈമാറിയിരുന്നു.