അറസ്റ്റിലായ ഷൈജിത്ത്, സനിത്ത് Source: News Malayalam 24x7
KERALA

കോഴിക്കോട് മലാപ്പറമ്പ്‌ സെക്‌സ് റാക്കറ്റ് കേസ്: പ്രതികളായ പൊലീസുകാർ അറസ്റ്റിൽ

വിജിലൻസിലും, സിറ്റി കൺട്രോൾ റൂമിലും ജോലി ചെയ്യുന്ന ഡ്രൈവർമാരായ ഷൈജിത്ത്, സനിത്ത് എന്നിവരാണ് അറസ്റ്റിലായത്

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് മലാപ്പറമ്പിലെ സെക്സ് റാക്കറ്റ് കേസിൽ പ്രതികളായ പൊലീസുകാർ അറസ്റ്റിൽ. വിജിലൻസിലും, സിറ്റി കൺട്രോൾ റൂമിലും ജോലി ചെയ്യുന്ന ഡ്രൈവർമാരായ ഷൈജിത്ത്, സനിത്ത് എന്നിവരാണ് അറസ്റ്റിലായത്. പുതിയ ഒളിസങ്കേതം തേടി പോകുന്നതിനിടെ താമരശേരിയിൽ വെച്ച് കാറിൽ നിന്നാണ് പ്രതികൾ പിടിയിലാകുന്നത്. നടക്കാവ് പൊലീസും സിറ്റി ക്രൈം സ്കോഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പൊലീസുകാർ സസ്പെൻഷന് പിന്നാലെ ഒളിവിൽ പോയത് അന്വേഷണ സംഘത്തിന് വലിയ തലവേദനയായിരുന്നു. ഇവർക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. പുറത്തേക്ക് പോകാതിരിക്കാൻ ഷൈജിത്തിന്റെ പാസ്പോർട്ടും അന്വേഷണസംഘം പിടിച്ചെടുത്തിരുന്നു. ഇവരുമായി ബന്ധപ്പെട്ട ആളുകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലേക്കെത്തിയത്.

ഇന്നലെ രാത്രിയോടെ താമരശ്ശേരിയിൽ നിന്നാണ് പ്രതികൾ പോലീസിന്റെ പിടിയിലാകുന്നത്. താമരശേരി കോരങ്ങാട് നിന്ന് സുഹൃത്തിന്റെ കാറിൽ പുതിയ ഒളി സങ്കേതം തേടി പോകുന്നതിനിടെയാണ് പ്രതികൾ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം ഇവർ എത്തിയെന്ന സൂചനയെ തുടർന്ന് പടനിലത്തെ വീട്ടുടമയെ ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളുടെ വാഹനം ഉൾപ്പെടെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ച മുതൽ താമരശ്ശേരി ഭാഗത്ത് ഒഴിഞ്ഞ വീടിൻ്റെ മുകൾ നിലയിൽ ഒളിവിൽ കഴിയുകയായിരുന്നു എന്ന് അന്വേഷണസംഘം അറിയിച്ചു. ഇരുവർക്കും യാത്ര ചെയ്യാൻ ഒന്നാം പ്രതി ബിന്ദുവിന്റെ ഭർത്താവ് രാജുവിന്റെ കാർ ഉണ്ടായിരുന്നു. ഈ കാറും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സെക്സ് റാക്കറ്റ് കേന്ദ്രം നടത്തിപ്പുകാരുമായി അടുത്ത ബന്ധം ഈ രണ്ടു പൊലീസുകാർക്കും ഉണ്ടായിരുന്നതായാണ് കണ്ടെത്തൽ. സാമ്പത്തിക ഇടപാടുകൾക്ക് പുറമെ ഈ കേന്ദ്രം നടത്തിപ്പിലും ഇവർക്ക് പങ്കുണ്ട്. സെക്സ് റാക്കറ്റ് സംഘവുമായി ചേർന്ന് വലിയ സാമ്പത്തിക നേട്ടം ഇവർ ഉണ്ടാക്കിയെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇവരെ കൂടുതൽ ചോദ്യം ചെയ്താൽ മറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാവുകയുള്ളൂ.

ഡിസിപിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേന്ദ്രത്തിൽ പരിശോധന നടത്തിയത്. കേസിലെ പ്രധാന പ്രതിയായ വയനാട് സ്വദേശി ബിന്ദുവും നടത്തിപ്പുകാരായ മൂന്നുപേർ ഉൾപ്പെടെ ഒൻപത് പേരെ അന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇനി ഈ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ ആവാനുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തൽ. അപ്പാർട്ട്മെൻ്റ് വാടകയ്ക്ക് എടുത്ത അമനീഷ് കുമാർ വിദേശത്താണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമം അന്വേഷണ സംഘം തുടങ്ങിക്കഴിഞ്ഞു. ടൗൺ പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ നടക്കാവ് പൊലീസിന് കൈമാറി.

SCROLL FOR NEXT