KERALA

പ്രതി മകളുടെ മുൻ ഭർത്താവ്; ഒറ്റപ്പാലത്തെ ദമ്പതികളുടെ കൊലപാതകത്തിന് കാരണം കുടുംബ തർക്കമെന്ന് പൊലീസ്

കുട്ടിയുടെ അവകാശ സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിൻ്റെ വിലയിരുത്തൽ

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: ഒറ്റപ്പാലം തോട്ടക്കരയിൽ ദമ്പതികളുടെ കൊലപാതകത്തിന് കാരണം കുടുംബ തർക്കമെന്ന് പൊലീസിൻ്റെ പ്രാഥമിക നി​ഗമനം. കൊല്ലപ്പെട്ട ദമ്പതികളുടെ മകളുടെ മുൻ ഭർത്താവ് പൊന്നാനി സ്വദേശി റാഫിയാണ് കൊലപാതകം നടത്തിയത്. റാഫിയും സുൽഫിയത്തും തമ്മിൽ വിവാഹബന്ധം വേർപിരിഞ്ഞിരുന്നു. ഇതു സംബന്ധിച്ച കേസ് കോടതിയിലാണ്. കുട്ടിയുടെ അവകാശ സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിൻ്റെ വിലയിരുത്തൽ. സംഭവത്തിൽ റാഫിയെ ഒറ്റപ്പാലം പൊലീസ് കസ്റ്റഡിയിൽ എടുത്തു.

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ദമ്പതികളെ വേട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. നാലകത്ത് നസീർ, ഭാര്യ സുഹറ എന്നിവരാണ് കൊല്ലപ്പെട്ടത്. നാലുവയസായ കൊച്ചുമകനെ ഗുരുതരമായി പരിക്കേറ്റ നിലയിലാണ് കണ്ടെത്തിയത്. സുൽഫിയത്ത് എന്ന യുവതി നാല്‌ വയസുകാരനുമായി ഓടി രക്ഷപ്പെടുന്നതിനിടെയാണ് നാട്ടുകാർ വിവരമറിയുന്നത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും തുടർന്ന് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ നാലുവയസുകാരും മാതാവും ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

തോട്ടക്കരയിലെ വീട്ടിൽ കൊല്ലപ്പെട്ട നസീറും സുഹറയും മകൾ സുൽഫിയത്തും നാലുവയസുള്ള കുട്ടിയുമായിരുന്നു താമസം. അഞ്ചുമാസം മുമ്പാണ് സുൽഫിയത്തും കുട്ടിയും പൊന്നാനിയിലെ ഭർത്താവിൻ്റെ വീട്ടിൽ നിന്നും ഒറ്റപ്പാലത്തെ വീട്ടിലേക്ക് എത്തിയത്. ഭർത്താവ് റാഫി ലഹരിക്കടിമയായതും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായതുമായിരുന്നു കാരണം. പിന്നാലെ വിവാഹബന്ധം വേർപെടുത്തൽ നടപടികളിലേക്ക് കടന്നു. പൊന്നാനി കുടുംബ കോടതിയിലെ വിധിപ്രകാരം മകനെ വിട്ടുതരണമെന്ന ആവശ്യവുമായാണ് ഇന്നലെ രാത്രി 10 മണിയോടെ റാഫി തോട്ടക്കരയിലെ വീട്ടിലെത്തിയത്. മകനെയെടുത്ത് പോകാൻ ശ്രമിച്ചു.

നസീറും സുഹറയും സുൽഫിയത്തും തടഞ്ഞു. ഇതോടെ വാക്കുതർക്കമുണ്ടായി. പിന്നാലെ പ്രതി തൻ്റെ കയ്യിലുണ്ടായിരുന്ന ആയുധമുപയോഗിച്ച് നസീറിനെയും സുഹറയെയും വെട്ടിക്കൊലപെടുത്തുകയായിരുന്നു. ഗുരുതര പരിക്കേറ്റ മകനെയുമെടുത്ത് സുൽഫിയത്ത് പുറത്തേക്കോടിയപ്പോഴാണ് നാട്ടുകാർ വിവരമറിഞ്ഞത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ അടുത്തുള്ള പള്ളിപ്പറമ്പിൽ നിന്നും പുലർച്ചെയോടെയാണ് നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടിയത്. മുഹമ്മദ് റാഫി നിരവധി ക്രിമനൽ, ലഹരിക്കേസുകളിൽ പ്രതിയാണെന്നും പൊലീസ് അറിയിച്ചു. പ്രതിയുടെ ശരീരത്തിലും പരുക്കേറ്റിട്ടുണ്ട്. കൊലപാതകശേഷം പ്രതിയും ആത്മഹത്യക്ക് ശ്രമിച്ചതാകാമെന്നാണ് പൊലീസ് നിഗമനം.

SCROLL FOR NEXT