തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് പൂർണ ആത്മവിശ്വാസമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. യുഡിഎഫിന് രാഷ്ട്രീയ സാഹചര്യം അനുകൂലമാണ്, പ്രഖ്യാപിക്കാത്ത സീറ്റുകളിലെ സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കും. കഴിഞ്ഞ തവണത്തെ പോരായ്മകളൊക്കെ ഇത്തവണ നികത്തിയിട്ടുണ്ട്. ലോക്കൽ ബോഡി തെരഞ്ഞെടുപ്പ് ഫലം നിയമസഭ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാറുണ്ട്. ഡേറ്റ് പ്രഖ്യാപിക്കാത്തതിൽ ആവേശക്കുറവ് ഉണ്ടായിരുന്നു. ഇപ്പോൾ അത് മാറിയെന്നും കെ. മുരളീധരൻ പറഞ്ഞു.
സർക്കാരിന്റെ പല നടപടികളും വിമർശനം വിധേയമായിട്ടുണ്ട്. മെഡിക്കൽ കോളേജിലെ സാഹചര്യം അവസാനത്തെ ഉദാഹരണമാണ്. സർക്കാർ ഒരുപാട് പ്രഖ്യാപനങ്ങൾ നടത്തുന്നു. അവയെല്ലാം ഇലക്ഷൻ സ്റ്റണ്ട് ആണോ എന്ന് സംശയിക്കണം. ഇത്രയും പണം എങ്ങനെ സ്വരൂപ്പിക്കുമെന്നും മുരളീധരൻ ചോദിച്ചു. തിരുവനന്തപുരം മെട്രോയ്ക്കെതിരെ പ്രതികരിച്ച അദ്ദേഹം താനാണ് നിയമസഭയിൽ അടിയന്തര പ്രമേയം കൊണ്ടുവന്നതെന്നും തിരുവനന്തപുരം, കോഴിക്കോട് കോർപ്പറേഷനിൽ മെട്രോ വേണം എന്നായിരുന്നു നിലപാടെന്നും പറഞ്ഞു. എന്നാൽ, ഇത് ലാഭകരമല്ല എന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. പെട്ടന്ന് ഒരു ദിവസം മെട്രോക്ക് അംഗീകാരം ലഭിച്ചുവെന്നും കെ. മുരളീധരൻ പറഞ്ഞു.
ഇന്നത്തെ കേരള രാഷ്രീയത്തിൽ ബിജെപിക്ക് പ്രസക്തി ഇല്ലെന്നും മുരളീധരൻ പറഞ്ഞു. എൽഡിഎഫിനേക്കാൾ കോൺഗ്രസിനെ തകർക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. മൂന്നാമതും പിണറായി വന്നാൽ കോൺഗ്രസ് കേരളത്തിൽ ഇല്ലാതാകും എന്നാണ് ബിജെപി കരുതുന്നത്. ഈ കൂട്ട് കെട്ടിനെ പരാജയപ്പെടുത്തണമെന്നും മുരളീധരൻ പറഞ്ഞു. തിരുവനന്തപുരത്ത് ഇത്തവണ ത്രികോണ മത്സരമെന്നും കെ. മുരളീധരൻ പറഞ്ഞു.