തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയും മകളും ജീവനോടുക്കിയ സംഭവത്തിൽ പ്രതി ഉണ്ണികൃഷ്ണനെ തിരുവനന്തപുരത്ത് എത്തിച്ചു. മുംബൈയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കൂടുതൽ ചോദ്യം ചെയ്യലിനായി ഉണ്ണികൃഷ്ണനെ പൂന്തുറ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഗാർഹിക പീഡനം,ആത്മഹത്യാ പ്രേരണ കുറ്റം എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
പൂന്തുറയിൽ അമ്മയും മകളും ജീവനൊടുക്കും മുമ്പേ എഴുതിയ കുറിപ്പ് നേരത്തെ പുറത്തുവന്നിരുന്നു. മരിക്കാൻ കാരണം ഭർത്താവ് ആണെന്നും, അയാളിൽ നിന്നുള്ള അവഗണനയും മാനസിക പീഡനവും താങ്ങാനാവുന്നില്ലെന്നും ഇവർ എഴുതിയ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് സജിത (56) യേയും മകൾ ഗ്രീമ (30) യേയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
മകളുടെ ഭർത്താവ് ഉണ്ണികൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളാണ് പുറത്തുവന്ന കുറിപ്പിൽ ഉള്ളത്. ആറ് വർഷം മുമ്പാണ് ഗ്രീമയുടേയും ഉണ്ണികൃഷ്ണൻ്റെയും വിവാഹം നടന്നത്. മകളും ഭർത്താവും വിവാഹം കഴിഞ്ഞ് 25 ദിവസങ്ങൾ മാത്രമാണ് ഒരുമിച്ച് ജീവിച്ചത്. 25 ദിവസം ഉപയോഗിച്ച ഉടുപ്പ് പോലെ മകളെ ഉപേക്ഷിക്കുകയും ചെയ്തു. നിസാര കാരണങ്ങൾ പറഞ്ഞാണ് ബന്ധം ഉപേക്ഷിച്ചത്. ആറു വർഷം താൻ അനുഭവിച്ചത് അവഗണനയും മാനസിക പീഡനവും ആണെന്നും കുറിപ്പിൽ പറയുന്നുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)