പാലക്കാട്: അട്ടപ്പാടി പുതൂരിൽ കടുവാ സെൻസസിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥൻ പുതൂർ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റൻ്റ് കാളിമുത്തുവിൻ്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. ആന്തരിക രക്തസ്രാവം മൂലമാണ് കാളിമുത്തു മരിച്ചെതെന്നാണ് കണ്ടെത്തൽ. നട്ടെല്ലും വാരിയെല്ലുകളും തകർന്ന നിലയിലാണ്. തുമ്പികൈ കൊണ്ട് എറിഞ്ഞ ശേഷം കാട്ടാന നെഞ്ചിൽ ചവിട്ടിയെന്നും പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, കാളിമുത്തുവിൻ്റെ മകന് ജോലി നൽകും. മകൻ അനിൽ കുമാറിന് വനം വകുപ്പിൽ താൽകാലിക ജോലി നൽകാനാണ് വനംവകുപ്പിൻ്റെ തീരുമാനം. കുടുംബത്തിന് ആദ്യഘട്ട നഷ്ടപരിഹാരത്തുക നാളെ കൈമാറുമെന്ന് വനംവകുപ്പ് അറിയിച്ചു.