കോഴിക്കോട്: ചെലവൂരിൽ പതിനാറുകാരിയെ കൊന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ശ്വാസം മുട്ടിയാണ് പെൺകുട്ടി മരിച്ചതെന്നാണ് റിപ്പോർട്ട്. തുണി ഉപയോഗിച്ച് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. അദിനാൻ്റെ മരണകാരണവും ശ്വാസംമുട്ടിയാണ് എന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സെല്ലോ ടേപ്പ് മൂക്കിലും വായിലും ചുറ്റിയ നിലയിലായിരുന്നു മൃതദേഹം.
സഹോദരിമാരുടെ മക്കളായ നസ്രീന, അദിനാൻ എന്നിവരെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നസ്രീനയുടെ മൃതദേഹം കഴുത്തിൽ ഷാൾ ചുറ്റിയ നിലയിലും കൈ കാലുകൾ സെല്ലോടേപ്പ് ഉപയോഗിച്ച് ചുറ്റിയ നിലയിലുമായിരുന്നു. വായും മുഖവും സെല്ലോടേപ്പ് ഉപയോഗിച്ച് ചുറ്റിയ നിലയിലായിരുന്നു അദിനാന്റെ മൃതദേഹം കണ്ടെത്തിയത്.
നസ്രീനയോടും കുടുംബത്തോടുമുള്ള വൈരാഗ്യമാണ് കൊല നടത്തിയതിന് കാരണമായി സംശയിക്കുന്നത്. അദിനാൻ വീട്ടിൽ കയറിയത് കള്ളതാക്കോൽ ഉപയോഗിച്ചെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.