വി.ഡി. സതീശനെതിരെ സൈബർ ആക്രമണം Source: News Malayalam 24x7
KERALA

"രാഹുലിനെ പൂട്ടാൻ നോക്കി സതീശന്‍ പാർട്ടിയെ വെട്ടിലാക്കുന്നു"; സൈബർ ഇടത്തെ കോണ്‍ഗ്രസ് ഉള്‍പ്പോര് രൂക്ഷം

സൈബർ ഇടത്തെ പോര് സാധാരണ ജനങ്ങൾക്കിടയിലും ചർച്ച ആകുന്നുണ്ട്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ യുവനടി നൽകിയ മൊഴിക്ക് പിന്നിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആണെന്ന തരത്തിൽ പോസ്റ്റുകൾ. രാഹുൽ-ഷാഫി പറമ്പില്‍ അനുകൂല സൈബർ കൂട്ടമാണ് പ്രതിപക്ഷ നേതാവിനെതിരെ പ്രചരണം കടുപ്പിച്ചത്. രാഹുലിനെ പൂട്ടാൻ നോക്കി പാർട്ടിയെ വെട്ടിലാക്കാൻ ആണ് സതീശന്റെ ശ്രമം എന്നാണ് പോസ്റ്റുകൾ. സൈബർ ഇടത്തെ പോര് പാർട്ടിയെ വലിയ നാണക്കേടിൽ എത്തിച്ചിരിക്കുകയാണ്.

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ ഉയർന്ന ലൈംഗിക ആരോപണങ്ങൾ അന്വേഷിക്കാൻ ക്രൈം ബ്രാഞ്ച് സംഘത്തെ നിയോഗിച്ചതിന് പിന്നാലെ പരാതിക്കില്ല എന്നായിരുന്നു ആദ്യം ആരോപണം ഉന്നയിച്ച യുവനടിയുടെ നിലപാട്. എന്നാൽ, ഗർഭച്ഛിദ്രത്തിന് ഇരയായ രണ്ടു യുവതികൾ പരാതിയുമായി മുന്നോട്ടു പോകാൻ താല്‍പ്പര്യമില്ലെന്ന് ക്രൈം ബ്രാഞ്ച് സംഘത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുവനടി അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. മാത്രമല്ല അശ്ലീല സന്ദേശങ്ങളുടെ തെളിവുകളും കൈമാറി. ഇതാണ് രാഹുൽ -ഷാഫി അനുകൂല സൈബർ സംഘത്തെ ചൊടിപ്പിച്ചത്. വി.ഡി. സതീശന്റെ അറിവോ സമ്മതമോ ഇല്ലാതെ നടി ക്രൈം ബ്രാഞ്ചിന് മൊഴി നൽകില്ലെന്നാണ് സൈബർ ടീമുകളുടെ വാദം. വ്യക്തിവിരോധം തീർക്കുമ്പോൾ പാർട്ടിയെ അപ്പാടെ നാണം കെടുത്തുകയാണ് സതീശൻ എന്നാണ് സൈബർ പോരാളികളുടെ പക്ഷം.

സതീശന്റെ ഫേസ്ബുക്ക് പേജിലും കോൺഗ്രസ് അനുകൂല ഹാൻഡിലുകളിലും സൈബർ ആക്രമണം രൂക്ഷമാണ്. രാഹുൽ ഒന്നിറങ്ങിയാൽ സതീശൻ പോലും കുടുങ്ങും എന്നാ തരത്തിലും ഉണ്ട് പോസ്റ്റുകൾ. മുഖമില്ലാത്ത ഇത്തരം പോസ്റ്റുകൾ കാര്യമാക്കേണ്ടതില്ല എന്ന് മുതിർന്ന നേതാക്കൾ പരസ്യമായി പറയുമ്പോഴും പാർട്ടിക്കുള്ളിൽ ഇത് വലിയ ചർച്ചയായിട്ടുണ്ട്. ആക്രമണത്തെ പലരും കൈയും കെട്ടി നോക്കിയിരിക്കുകയാണെന്നുള്ള ആരോപണവും സതീശൻ അനുകൂല പക്ഷം ഉയർത്തുന്നു. സതീശൻ- ഷാഫി- രാഹുൽ ത്രയം തകർന്നതോടെ അവർക്കിടയിൽ ഉണ്ടായ പടല പിണക്കത്തിൽ തങ്ങൾ എന്തിന് ഇടപെടണം എന്ന നിലപാടും ഉണ്ട് ചില നേതാക്കൾക്ക്.

സൈബർ ഇടത്തെ പോര് സാധാരണ ജനങ്ങൾക്കിടയിലും ചർച്ച ആകുന്നുണ്ട്. രാഹുൽ അനുകൂല സൈബർ കൂട്ടം ഏതറ്റം വരെ പോകുമെന്ന് നോക്കാനാണ് സതീശൻ പക്ഷത്തിന്റെ തീരുമാനം. സൈബർ കൂട്ടം സാമൂഹിക മാധ്യമങ്ങളിൽ വെട്ടുകിളികൾ ആയി എത്തുമ്പോൾ തെളിവുകൾ നിരത്തി വെട്ടാൻ ആണ് സതീശൻ ക്യാംപിന്റെ തീരുമാനം.

SCROLL FOR NEXT