KERALA

'പോറ്റിയെ കേറ്റിയെ' പാരഡി പാട്ടിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ സിപിഐഎം

പന്തളം ഏരിയ കമ്മിറ്റി അംഗം പ്രദീപ് വർമയാണ് പരാതി നൽകുക.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് സമൂഹ മാധ്യമങ്ങളിൽ വൈറലായ 'പോറ്റിയെ കേറ്റിയെ'  പാരഡി ഗാനത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ സിപിഐഎം. പന്തളം ഏരിയ കമ്മിറ്റി അംഗവും, പന്തളം രാജകുടുംബാംഗവുമായ പ്രദീപ് വർമയാണ് പരാതി നൽകുക. ഇന്നത്തെ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനമായത്.

അയ്യപ്പനെ പ്രചാരണത്തിന് ഉപയോഗിച്ചത് ചട്ടലംഘനമെന്നാണ് സിപിഐഎം ചൂണ്ടിക്കാട്ടുന്നത്. പാട്ട് വിവാദമയാതിന് പിന്നാലെ തിരുവനന്തപുരം സൈബർ പൊലീസ് ജി.പി. കുഞ്ഞബ്ദുള്ള, ഡാനിഷ് മുഹമ്മദ്, സിഎംഎസ് മീഡിയ, സുബൈര്‍ പന്തല്ലൂര്‍ എന്നിവർക്കെതിരെ കേസെടുത്തിരുന്നു. മത വികാരം വ്രണപ്പെടുത്തിയതിനാണ് കേസ് രജിസ്റ്റർ ചെയ്തത്.

തെരഞ്ഞെടുപ്പിന് പിന്നാലെ പാട്ടിന് വലിയ സ്വീകാര്യത ലഭിക്കുകയും വൈറലാവുകയും ചെയ്തിരുന്നു. യുഡിഎഫ് തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി തയ്യാറാക്കിയ ഈ പാട്ട് മലപ്പുറം പടിഞ്ഞാറ്റുമുറിയിലെ ഡാനിഷ് മുഹമ്മദ് എന്നയാളാണ് പാടിയത്. രാഷ്ട്രീയ ലാഭത്തിനുവേണ്ടി പാട്ടിനെ വികലമാക്കി. രാഷ്ട്രീയ ലാഭത്തിനുള്ള പാട്ടിനൊപ്പം അയ്യപ്പനെ ചേർത്തത് വേദനിപ്പിച്ചുവെന്നും ഭക്തരെ അപമാനിച്ചെന്നും, പാട്ട് പിൻവലിക്കണം എന്നും ആവശ്യപ്പെട്ട് തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാല  ഡിജിപിക്ക് പരാതി നൽകിയിരുന്നു. പാട്ടിനെതിരെ ലഭിച്ച പരാതിയിൻമേൽ അന്വേഷണം പുരോഗമിക്കുകയാണ്.

SCROLL FOR NEXT