തൃശൂർ: രാഗം തിയേറ്റർ നടത്തിപ്പുകാരനേയും ഡ്രൈവറെയും കൊലപ്പെടുത്താൻ ശ്രമിച്ച നിർണായക വെളിപ്പെടുത്തലുമായി ആക്രമണത്തിന് ഇരയായ സുനിൽ. തനിക്കെതിരെ ക്വട്ടേഷൻ കൊടുത്തത് പ്രവാസി വ്യവസായിയായ റാഫേൽ ആണെന്ന് രാഗം സുനിൽ. റാഫേലുമായുമായി സിനിമ സംബന്ധിച്ച് തർക്കം ഉണ്ടായിരുന്നു എന്നും സുനിൽ പറഞ്ഞു.
റാഫേലുമായി പണമിടപാടുണ്ട്, അയാൾ പണം തരാനുമുണ്ട്. റാഫേലിന് വേണ്ടി സിജോ പലതവണ തന്നെ ഭീഷണിപ്പെടുത്തിയിരുന്നു എന്നും സുനിൽ പറഞ്ഞു. ഇത് സംബന്ധിച്ച് കഴിഞ്ഞവർഷം ഈസ്റ്റ് പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തെങ്കിലും അറസ്റ്റ് ഉണ്ടായില്ലെന്നും സുനിൽ വ്യക്തമാക്കി.
ആക്രമണത്തിൽ പൊലീസ് ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കരുവാറ്റ സ്വദേശികളായ ആദിത്യനെയും ഗുരുദാസനേയും ഇന്നലെ രാത്രിയോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തതത്. കഴിഞ്ഞ ദിവസം, സിജോ ജോയി, തൃശൂർ സ്വദേശികളായ ഡിക്സൻ വിൻസൺ ( 33 ), തോംസൺ സണ്ണി (35), എഡ്വിൻബാബു (28) എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൻ്റെ സൂത്രധാരനും പ്രധാന പ്രതിയും സിജോ ആണെന്ന് പൊലീസ് പറഞ്ഞിരുന്നു.
21ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികൾ ചേർന്ന് രാഗം തീയേറ്റർ നടത്തിപ്പുകാരൻ സുനിൽകുമാറിനെയും ഡ്രൈവർ അജീഷിനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സുനിലിനെ ആക്രമിക്കാൻ ഉപയോഗിച്ച ചുറ്റിക വാങ്ങിയ കടയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഈ ചുറ്റിക ഉപയോഗിച്ച് സുനിലിൻ്റെ കാറിൻ്റെ ഗ്ലാസ് തകർത്ത ശേഷം വാള് കൊണ്ട് വെട്ടുകയായിരുന്നു.