കോഴിക്കോട്: ഒമാൻ തീരത്ത് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് കപ്പൽ ജീവനക്കാരനായ കോഴിക്കോട് കോനാട് സ്വദേശി പ്രവീൺ. ഇന്നലെ നാട്ടിൽ തിരിച്ചെത്തിയ പ്രവീണിന് ആക്രമണത്തിൽ കൂടെയുണ്ടായ സഹപ്രവർത്തകൻ കൊലപ്പെട്ടതിന്റെ നടുക്കം വിട്ടു മാറിയിട്ടില്ല. ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിയ ആളുകളെ ഉടൻ നാട്ടിൽ എത്തിക്കാൻ ഇടപെടൽ ഉണ്ടാവണമെന്നും പ്രവീൺ ന്യൂസ് മലയാളത്തോട് പറഞ്ഞു.
കൺമുന്നിൽ നടന്ന സംഭവങ്ങൾ മായാതെ നിൽക്കുകയാണ്. മാർച്ച് ഒന്നിന് രാവിലെ പതിനൊന്നോടെയാണ് ഒമാൻ തീരത്തുവച്ച് ഇറാൻ്റെ മിസൈൽ ആക്രമണം ഉണ്ടായത്. സ്ലോട്ട്ലൻഡ് ആസ്ഥാനമായുള്ള വി-ഷിപ്പ് ചരക്കുകപ്പലിൽ ഫിറ്ററായാണ് പ്രവീൺ ജോലി ചെയ്യുന്നത്. അമേരിക്കയിൽ നിന്ന് സൗദിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇവർക്ക് യുദ്ധത്തിൻ്റെ സൂചന ലഭിച്ചത്. തുടർന്ന് യാത്ര അവസാനിപ്പിച്ച് വിശ്രമിക്കുന്നതിനിടെയായിരുന്നു കപ്പലിലേക്ക് ഇറാന്റെ മിസൈൽ ആക്രമണം.
ഇന്ത്യക്കാർ ഉൾപ്പെടെ 16 പേരുള്ള കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഗുജറാത്ത് സ്വദേശി ദീക്ഷിത് സോളങ്കിയുടെ ജീവൻ പൊലിഞ്ഞു. ഷിപ്പിങ് കമ്പനി കൃത്യമായി ഇടപെട്ടത് കൊണ്ടാണ് ബാക്കിയുള്ളവർക്ക് സ്വന്തം നാട്ടിൽ എത്താൻ സാധിച്ചത്. വിമാനമാർഗം ഒമാനിൽ നിന്നും മുംബൈയിലെത്തിയ പ്രവീൺ ഇന്നലെ വൈകിട്ടോടെയാണ് നാട്ടിലെത്തിയത്. പ്രവീണിനെ കൂടാതെ രണ്ട് മലയാളികളും കപ്പലിൽ ജീവനക്കാരായുണ്ടായിരുന്നു. സുരക്ഷിതമായി നാട്ടിലെത്തിയതിന്റെ ആശ്വാസത്തിലും പ്രിയ സുഹൃത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ തീരാ ദു:ഖത്തിലാണ് പ്രവീൺ.