പ്രതീകാത്മക ചിത്രം Source: News Malayalam 24x7
KERALA

വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് അഞ്ച് രൂപയാക്കണം; സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

സർക്കാരും ബസുടമകളുമായി നടത്തിയ ചർച്ചയിലാണ് വിദ്യാർഥി സംഘടനകൾ വിയോജിപ്പറിയിച്ചത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്. വിദ്യാർഥികളുടെ കൺസെഷൻ വർധന ചൂണ്ടിക്കാട്ടിയാണ് പണിമുടക്ക്. മിനിമം ചാർജ് അഞ്ച് രൂപയാക്കണം എന്നായിരുന്നു സ്വകാര്യ ബസുടമകളുടെ ആവശ്യം. എന്നാൽ ഇന്ന് ചേർന്ന ചർച്ചയിൽ വിദ്യാർഥി സംഘടനകൾ ആവശ്യം അംഗീകരിച്ചില്ല. സർക്കാരും ബസുടമകളുമായി നടത്തിയ ചർച്ചയിലാണ് വിദ്യാർഥി സംഘടനകൾ വിയോജിപ്പറിയിച്ചത്. സ്വകാര്യ ബസുടമകളുടെ സംയുക്ത യോഗം ഓ​ഗസ്റ്റ് ഒന്നിന് തൃശൂരിൽ ചേരും. ഈ യോഗത്തിലാണ് അനിശ്ചിതകാല സമരത്തിൻ്റെ തീയതി തീരുമാനിക്കുക.

വിദ്യാർഥികളുടെ കൺസെഷൻ വർധന എന്ന സ്വകാര്യ ബസുടമകളുടെ ആവശ്യത്തോട് യോജിക്കാൻ കഴിയില്ലെന്ന് എസ്എഫ്ഐ വ്യക്തമാക്കി. വിദ്യാർഥികൾക്ക് അനുയോജ്യമായ സാഹചര്യം ഇല്ലാതെ സാമ്പത്തിക നേട്ടം മുന്നിൽ കണ്ട് ചാർജ് വർധന പാടില്ലെന്നും എസ്എഫ്ഐ പറ‍ഞ്ഞു.

വിലക്കയറ്റം ഉൾപ്പെടെ നിരവധി പ്രശ്നങ്ങളുണ്ടെന്നും അതിൽ പരിഹാരം സർക്കാരിന് കാണാൻ കഴിയുന്നില്ലെന്നും അതിന്റെ പേരിൽ വിദ്യാർഥികളെ ബുദ്ധിമുട്ടിക്കാൻ അനുവദിക്കില്ലെന്നും കെഎസ്‌യു അറിയിച്ചു. ഗവൺമെന്റിന്റെ പാപഭാരം വിദ്യാർഥികളുടെ തലയിലിടരുത്. കൺസഷൻ വർധിപ്പിച്ചാൽ സമരമാരംഭിക്കും. എസ്എഫ്ഐയുടെ നിലപാട് അത്ഭുതപ്പെടുത്തിയെന്നും വിദ്യാർഥി പക്ഷ നിലപാട് അല്ല എസ്എഫ്ഐക്കെന്നും കെഎസ്‌യു പറഞ്ഞു.

ബസുടമകൾ ഒരു തരത്തിലും കൺസഷൻ അനുവദിക്കില്ലെന്നും എസ്എഫ്ഐ ബസ് ഒപ്പറേറ്റർമാരുടെ നാവായി മാറുകയായിരുന്നു എബിവിപിയും പറഞ്ഞു. വിദ്യാർഥികളെ ചൂഷണം ചെയ്യാൻ പാടില്ലെന്നും എബിവിപി. അതേസമയം, ചാർജ് വർധന അംഗീകരിക്കില്ലെന്ന് എംഎസ്എഫ് വ്യക്തമാക്കി. വിദ്യാർഥികളുടെ പോക്കറ്റിടിക്കുന്ന സമീപനത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്നും എംഎസ്എഫ് പറ‍ഞ്ഞു.

ചർച്ച ദൗർഭാഗ്യകരമാണെന്നും വിദ്യാർഥി സംഘടനകൾ ആവശ്യം അംഗികരിക്കുന്നില്ലെന്നും ബസ് ഉടമകളും പറഞ്ഞു. ബസുടമകളുടെ 2011 മുതലുള്ള ആവശ്യമാണ് ചാർജ് വർധന. നിലവിൽ വിദ്യാർഥി യാത്രാ നിരക്ക് 50% വർധിപ്പിച്ചാൽ മാത്രമെ ഈ വ്യവയസായം മുന്നോട്ട് പോകുകയുള്ളു. 70% യാത്രക്കാരായ വിദ്യാർഥികളുടെ ചാർജ് നിരക്ക് ന്യായമാണ്. ഈ വ്യവസായം നിലനിൽക്കണം എങ്കിൽ വിദ്യാർഥി നിരക്ക് കൂട്ടണം. അനിശ്ചിതകാല കാലത്തേയ്ക്ക് സർവീസ് നിർത്തി സമരം ചെയ്യുമെന്നും ബസുടമകൾ പറഞ്ഞു.

SCROLL FOR NEXT