KERALA

ഉന്നയിക്കുന്നത് മിനിമം വേതനമടക്കം സുപ്രധാന ആവശ്യങ്ങള്‍; സംസ്ഥാനത്തെ സ്വകാര്യ നഴ്‌സുമാരുടെ സമരം പുരോഗമിക്കുന്നു

ഇന്ന് ആശുപത്രികളില്‍ അത്യാഹിത വിഭാഗങ്ങളില്‍ മാത്രമാണ് സേവനമുണ്ടായിരുന്നത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണമടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്ത് സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ പണിമുടക്ക് പുരോഗമിക്കുന്നു. പണിമുടക്കിന്റെ ഭാഗമായി ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ നഴ്‌സുമാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക് നടത്തുന്നത്. 490-ഓളം സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ പണിമുടക്കിന്റെ ഭാഗമായി.

മിനിമം വേതനം 40,000 രൂപയാക്കുക, ഇഎസ്‌ഐ, പിഫ് പരിധി ഉയര്‍ത്തുക, കോണ്‍ട്രാക്ട് സംവിധാനവും ട്രെയിനിങ് സംവിധാനവും നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് സെക്രട്ടേറിയറ്റിന് മുന്‍പില്‍ സമാപിച്ചു.

ഇന്ന് ആശുപത്രികളില്‍ അത്യാഹിത വിഭാഗങ്ങളില്‍ മാത്രമാണ് സേവനമുണ്ടായിരുന്നത്. വാര്‍ഡ് ഡ്യൂട്ടികളില്‍നിന്ന് നഴ്‌സുമാര്‍ വിട്ടുനില്‍ക്കുകയാണ്. കേരളത്തിലെ സ്വകാര്യ ആശുപത്രി മേഖലയില്‍ അവസാനമായി ശമ്പളപരിഷ്‌കരണം നടന്നത് 2018 ലാണ്. പിന്നീട് 7 വര്‍ഷത്തോളം സ്വകാര്യ മേഖലയില്‍ ശമ്പള വര്‍ദ്ധനവ് ഉണ്ടായിട്ടില്ല. മിനിമം വേതനം പ്രഖ്യാപിക്കേണ്ട ഏറ്റവും കുറഞ്ഞ കാലാവധി 3 വര്‍ഷവും, ഏറ്റവും കൂടിയ കാലാവധി അഞ്ച് വര്‍ഷവും ആണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി സംഘടന ഇക്കാര്യം ഉന്നയിച്ചിട്ടും സ്വകാര്യ മേഖലയുടെ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

2023 ല്‍ യുഎന്‍എ നടത്തിയ ശക്തമായ സമരത്തിന്റെ ഭാഗമായി ശമ്പളം പരിഷ്‌ക്കരിക്കാന്‍ ഉത്തരവിട്ടെങ്കിലും നാളിതുവരെ പ്രഖ്യാപനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് നഴ്‌സുമാര്‍ സമര രംഗത്തേക്കിറങ്ങുന്നത്. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയിലേ നഴ്‌സ്മാരുടെ വേതനത്തിന്റെ പകുതി പോലും സ്വകാര്യ മേഖലയില്‍ ഉള്ള നേഴ്‌സ്മാര്‍ക്ക് ലഭിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ വന്‍ കിട അമേരിക്കന്‍ കമ്പനികള്‍ വന്‍ നിക്ഷേപം നടത്തി ആരോഗ്യ മേഖലയെ സ്വകാര്യ വത്കരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് നഴ്‌സുമാര്‍ സമരവുമായി മുന്നോട്ട് പോകുന്നത്.

SCROLL FOR NEXT