പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ Source: Facebook/ Aryadan Shoukath
KERALA

"ജനങ്ങളുടെ ജീവനും ജീവിതോപാധികളും രാഷ്ട്രീയവൽക്കരിക്കപ്പെടരുത്, അവകാശം സംരക്ഷിക്കുന്ന സർക്കാർ വരണം"; പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ

ആര്യാടൻ ഷൗക്കത്ത് കഴിവ് തെളിയിച്ച വ്യക്തിയാണ്, ഷൗക്കത്തിനെ വിജയിപ്പിച്ചാൽ എംപി എന്ന നിലയിലുള്ള പ്രവർത്തനം സുഗമമാകുമെന്നും പ്രിയങ്ക പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

നിലമ്പൂരിൽ കൊട്ടിക്കലാശത്തിന് സമാനമായി പ്രവർത്തകരെ ആവേശത്തിലാക്കി റോഡ് ഷോ. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിൻ്റെ പ്രചാരണത്തിന് നിലമ്പൂരിലെത്തിയ പ്രിയങ്കാ ഗാന്ധി എംപിയുടെ റോഡ് ഷോയ്ക്ക് വൻ സ്വീകരണമാണ് പ്രവർത്തകർ ഒരുക്കിയത്. ആര്യാടൻ ഷൗക്കത്ത് കഴിവ് തെളിയിച്ച വ്യക്തിയാണെന്നും, ഷൗക്കത്തിനെ വിജയിപ്പിച്ചാൽ എംപി എന്ന നിലയിലുള്ള പ്രവർത്തനവും സുഗമമാകുമെന്നും പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ സംസാരിച്ചു. തെരഞ്ഞെടുപ് ദിവസം ഈ പറഞ്ഞതെക്കെ ഓർത്ത് വെക്കണമെന്ന് വോട്ടർമാരോട് പ്രിയങ്ക പറഞ്ഞു.

ഓരോ തവണ കേരളത്തിലെത്തുമ്പോഴും അഭിമാനം തോന്നുന്നുണ്ടെന്ന് പ്രിയങ്ക പറഞ്ഞു. നിങ്ങൾ നിത്യ ജീവിതത്തിൽ നിരവധി പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്. നിങ്ങളുടെ പ്രശ്നങ്ങൾ ഞാൻ മനസിലാക്കി വരുന്നു. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഒരാളുടെ വീട്ടിൽ നിന്നാണ് വരുന്നത്. മനുഷ്യ - വന്യജീവി സംഘർഷമാണ് ഇവിടുത്തെ ജനങ്ങൾ അനുഭവിക്കുന്ന പ്രധാന പ്രശ്നം. നിങ്ങളുടെ ജീവനും കൃഷിക്കും നാശമുണ്ടാകുന്നു. നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്. സംസ്ഥാന സർക്കാർ ഇത് പ്രതിരോധിക്കാൻ വേണ്ടത്ര ശ്രമിക്കുന്നില്ല. ഒരു കുട്ടിയുടെ ജീവൻ നിയമവിരുദ്ധ കെണിയിൽ പെട്ട് മരണപ്പെട്ടു. അധികൃതരെ അപകടത്തിന് മുമ്പ് ജനങ്ങൾ അറിയിച്ചിരുന്നു. പക്ഷേ നടപടികൾ ഉണ്ടായില്ല. അടിയന്തര നടപടികളാണ് ഇത്തരം വിഷയത്തിൽ ഉണ്ടാവേണ്ടത്. ജനങ്ങളുടെ ജീവന് സംരക്ഷണം നൽകേണ്ടത് സർക്കാരിൻ്റെ പ്രാഥമിക ഉത്തരവാദിത്തമാണെന്നും പ്രിയങ്ക പറഞ്ഞു.

ആശ വർക്കർമാരുടെ പ്രശ്നം മനസിലാക്കുന്നുവെന്നും പ്രിയങ്ക നിലമ്പൂരിൽ പറഞ്ഞു. കരുത്തുള്ള സ്ത്രീകളാണ് അവർ. അവർ ഇന്ന് അടിസ്ഥാനപരമായ അവകാശത്തിന് വേണ്ടി പ്രതിഷേധിക്കുകയാണ്. അവർക്ക് ഏഴ് ദിവസവും 24 മണിക്കൂറും പ്രവർത്തിക്കേണ്ട അവസ്ഥയാണ്. അവർ അവകാശപ്പെട്ട വേതനമാണ് ചോദിക്കുന്നത്. ഈ സർക്കാർ അവർക്ക് അവകാശപ്പെട്ട അംഗീകാരം നൽകിയിട്ടില്ലെന്ന് പ്രിയങ്ക വിമർശിച്ചു.

പെൻഷൻ സർക്കാർ രാഷ്ട്രീയ വൽക്കരിക്കുകയാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ അല്ല പെൻഷൻ നൽകേണ്ടത്. ലഭിക്കേണ്ട സമയത്ത് ലഭിക്കണം. നിങ്ങൾ തെരഞ്ഞെടുക്കുന്ന സർക്കാരിന് നിങ്ങളോട് ചില ഉത്തരവാദിത്തമുണ്ട്. ഇത് മാറ്റത്തിൻ്റെ സമയമാണ്. ആ മാറ്റത്തിനുള്ള ആദ്യ അവസരമാണ് ഈ ഉപതെരഞ്ഞെടുപ്പ്. ജനങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കി പ്രവർത്തിക്കുന്ന സർക്കാർ ഉണ്ടാവണം. ഇന്നത്തെ സർക്കാർ അത്തരത്തിലല്ല. ജനങ്ങളുടെ ജീവനും ജീവിതോപാധികളും രാഷ്ട്രീയവൽക്കരിക്കപ്പെടരുത്. ഇത് നിങ്ങളുടെ അവകാശമാണ്. അതിന് കഴിയുന്ന ഒരു സർക്കാരിനെ കൊണ്ടു വരേണ്ടതുണ്ടെന്നും പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ പറഞ്ഞു.

അതേസമയം, എൽഡിഎഫ് കൺവെൻഷനുകളിൽ ആവേശമായി മുഖ്യമന്ത്രി പ്രചാരണത്തിനുണ്ട്. പരസ്യപ്രചാരണത്തിൻ്റെ ക്ലൈമാക്സിൽ ജമാഅത്തെ ഇസ്ലാമി വിവാദം സിപിഐഎം ആളിക്കത്തിക്കുകയാണ്. അൻവറിനായി റോഡ് ഷോയ്ക്ക് എത്തിയത് ക്രിക്കറ്റ് താരം യൂസഫ് പത്താനാണ്. അവസാന ലാപ്പിൽ വീട് കയറിയുള്ള പ്രചാരണമാണ് നടക്കുന്നത്.

SCROLL FOR NEXT