വയനാട്: വയനാട് മണ്ഡലത്തിലെ പാർട്ടി പ്രവർത്തനങ്ങളിൽ എഐസിസി ജനറൽ സെക്രട്ടറിയും എംപിയുമായ പ്രിയങ്ക ഗാന്ധിക്ക് അതൃപ്തിയെന്ന് റിപ്പോർട്ട്. വയനാട്ടിലെ ആത്മഹത്യാ വിവാദങ്ങളും, ഗ്രൂപ്പ് പ്രശ്നങ്ങളും പരിഹരിക്കാൻ ഡിസിസി നേതൃത്വത്തിന് സാധിച്ചിട്ടില്ലെന്നാണ് പ്രിയങ്കയുടെ പ്രധാന ആക്ഷേപം. സംഭവത്തിൽ ഡിസിസി നേതൃത്വത്തോട് പ്രിയങ്ക ഗാന്ധി വിശദീകരണം തേടിയിട്ടുണ്ട്.
വയനാട് കോൺഗ്രസിൽ നടക്കുന്ന പ്രശ്നങ്ങളെ കുറച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. തുടർച്ചയായ ആത്മഹത്യകളുടെയും ഗ്രൂപ്പ് പ്രശ്നങ്ങളുടെയും നിയമനകോഴ വിവാദത്തിൻ്റെയും അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തേടിയത്. വയനാട് ഡിസിസി പ്രസിഡൻ്റ് എൻ.ഡി. അപ്പച്ചൻ കാണാൻ അനുമതി തേടിയിട്ടും പ്രിയങ്ക നിഷേധിച്ചെന്നാണ് ആക്ഷേപം.
വയനാട് സന്ദർശനത്തിൽ പ്രിയങ്ക ഗാന്ധി ഡിസിസി പ്രസിഡൻ്റിനെ കാണുന്നത് ഒഴിവാക്കിയെന്നും, ഈ പദവിയിൽ നിന്ന് മാറ്റാൻ ശുപാർശ നൽകിയെന്നും ന്യൂസ് മലയാളം ആദ്യം റിപ്പോർട്ട് ചെയ്തു. വയനാട് ഡിസിസി പ്രസിഡൻ്റ് എൻ.ഡി. അപ്പച്ചൻ പ്രിയങ്ക ഗാന്ധിയെ നേരിൽ കാണാൻ അനുമതി തേടിയിട്ടും അതിനുള്ള അനുമതി നിഷേധിച്ചെന്ന് വയനാട് എംപിക്കെതിരെ ആക്ഷേപം ഉയരുന്നുണ്ട്.