ANI
KERALA

നടക്കുന്നത് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ കാര്യങ്ങള്‍; ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവയ്ക്കണമെന്ന് പ്രിയങ്ക ഗാന്ധി

തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നുണ്ടാകുന്നത് തികച്ചും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ കാര്യങ്ങളാണെന്നും പ്രിയങ്ക

Author : ന്യൂസ് ഡെസ്ക്

തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണം എന്നതാണ് കോൺഗ്രസിന്റെ അടിയന്തര ആവശ്യം. ​ഇപ്പോൾ നടക്കുന്നത് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ കാര്യങ്ങളാണ്. രാജ്യത്തിനും ജനാധിപത്യത്തിനും എതിരെ പ്രവർത്തിക്കുന്നവരെ നിയമത്തിനും മുന്നിൽ കൊണ്ടുവരണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നുണ്ടാകുന്നത് തികച്ചും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ കാര്യങ്ങളാണെന്ന് പ്രിയങ്ക പറഞ്ഞു. ഇത് രാജ്യത്തിനും ജനാധിപത്യ സംവിധാനത്തിനും കടുത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നത്. കമ്മീഷന് ബിജെപിയുടെ വൻ സഹായം ലഭിക്കുന്നുണ്ട്. ക്രമക്കേടുകൾക്ക് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. അതിനായി, തെരഞ്ഞെടുപ്പ് കമ്മീഷന് നിലവിൽ ലഭിക്കുന്ന നിയമപരമായ സംരക്ഷണങ്ങൾ പുനഃപരിശോധിക്കണമെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു.

തെരഞ്ഞെടുപ്പിനു മുൻപു തന്നെ ജയിക്കാൻ പോകുന്ന സീറ്റുകളുടെ എണ്ണം സംബന്ധിച്ച് ബിജെപി നേതാക്കൾ വലിയ ആത്മവിശ്വാസത്തോടെ പ്രഖ്യാപനങ്ങൾ നടത്താറുണ്ടെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്കിടയിലെ യഥാര്‍ത്ഥ സാഹചര്യം ഇതില്‍നിന്ന് തികച്ചും വ്യത്യസ്തമാണ്. സര്‍ക്കാര്‍ നയങ്ങളില്‍ ആരും തൃപ്തരല്ലെന്ന് തെരുവിലിറങ്ങി ജനങ്ങളോട് സംസാരിച്ചാല്‍ ബോധ്യപ്പെടും. തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ കോണ്‍ഗ്രസ് പ്രതിഷേധം തുടങ്ങിക്കഴിഞ്ഞു. വിഷയത്തില്‍ ഇന്‍ഡ്യാ സഖ്യം ഒറ്റക്കെട്ടാണ്. കക്ഷികള്‍ക്കെല്ലാം ഒരേ നിലപാടാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

SCROLL FOR NEXT