ഫെയ്സ്ബുക്ക് പോസ്റ്റ്  NEWS MALAYALAM 24x7
KERALA

രാഹുല്‍ ഉത്തരം പറയണം; അതിനു ശേഷം മതി സഭയിലേക്ക് പോകുന്നത്; കോണ്‍ഗ്രസ് അനുകൂല സൈബര്‍ ഗ്രൂപ്പുകള്‍

മാധ്യമങ്ങള്‍ പുറത്തുവിട്ട ശബ്ദ സന്ദേശം രാഹുലിന്റെ അല്ലെങ്കില്‍ അത് രാഹുല്‍ തുറന്നു പറയണം

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ തിരിഞ്ഞ് കോണ്‍ഗ്രസ് അനുകൂല സൈബര്‍ ടീമുകള്‍. രാഹുലിനെതിരെ ഉണ്ടായ ഗുരുതര ലൈംഗിക ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ രാഹുല്‍ എന്തുകൊണ്ട് നിയമനടപടി സ്വീകരിക്കുന്നില്ല എന്നാണ് ചോദ്യം. അതൊക്കെ കഴിഞ്ഞശേഷം മതി നിയമസഭയിലേക്ക് പോകാനെന്നും കോണ്‍ഗ്രസ് വാരിയേഴ്‌സ് സൈബര്‍ ടീം ഫേസ് ബുക്ക് പോസ്റ്റ്.

അതിനിടെ താന്‍ വെറുമൊരു കണ്ണി മാത്രമാണെന്നും മാധ്യമങ്ങളുടെ ലക്ഷ്യം കോണ്‍ഗ്രസ് നേതാക്കള്‍ ആണെന്നും ഉള്ള രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാട്‌സ്ആപ്പ് സന്ദേശം മിഷന്‍ 2026 ഗ്രൂപ്പിലെത്തി. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ നടപടി സ്വീകരിച്ച ശേഷം വി ഡി സതീശന്‍, രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ക്കെതിരെ സൈബര്‍ ഇടങ്ങളില്‍ വ്യക്തി അധിക്ഷേപം തുടരുകയായിരുന്നു.

സൈബറിടത്തെ ആക്രമണം തുടര്‍ന്നാല്‍ രാഹുലിനെതിരെയുള്ള പരാതികളുടെ തെളിവുകളടക്കം അണികളെ ബോധിപ്പിക്കും എന്നുള്ള നേതാക്കളുടെ നിലപാട് കൊള്ളേണ്ടിടത്ത് കൊണ്ടു. കോണ്‍ഗ്രസ് അനുകൂല പല സൈബര്‍ ഗ്രൂപ്പുകളും പ്‌ളേറ്റ് തിരിച്ചു. രാഹുലിനെതിരെ രംഗത്തെത്തി. മാധ്യമങ്ങള്‍ പുറത്തുവിട്ട ശബ്ദ സന്ദേശം രാഹുലിന്റെ അല്ലെങ്കില്‍ അത് രാഹുല്‍ തുറന്നു പറയണം.

വ്യാജവാര്‍ത്ത പുറത്തുവിട്ടതിന് മാധ്യമങ്ങള്‍ക്കെതിരെ നിയമം നടപടി സ്വീകരിക്കണം. അതിനുശേഷം ആകണം നിയമസഭയിലേക്ക് പോകേണ്ടത്. തനിക്കുവേണ്ടി വാദിക്കുന്ന പ്രവര്‍ത്തകരോടെങ്കിലും ഉള്ളത് പറയണമെന്നും ഫെയ്‌സ് ബുക്ക് പോസ്റ്റ് പറയുന്നു. ഇതിനു മറുപടി ആയിട്ടാണ് മിഷന്‍ 2026 വാട്‌സ്ആപ് ഗ്രൂപ്പില്‍ രാഹുലിന്റെ സന്ദേശം എത്തിയത്.

മാധ്യമങ്ങളുടെ ലക്ഷ്യം താനല്ല. താനൊരു കണ്ണി മാത്രം ആണ്. ഷാഫി പറമ്പില്‍, വിടി ബല്‍റാം, പി കെ ഫിറോസ, ജെബി മേത്തര്‍ എന്നിവരെയും ആക്രമിക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ. മാധ്യമങ്ങളുടെ പ്രൊപ്പഗാണ്ടയില്‍ വീണു പോകരുത്. മുതിര്‍ന്ന നേതാക്കളെയും യുവനിരയെയും തമ്മില്‍ തല്ലിച്ച് നേട്ടം ഉണ്ടാക്കേണ്ടത് മാധ്യമങ്ങളുടെ ആവശ്യമാണ്. നേതാക്കള്‍ തൊട്ട് നിങ്ങള്‍ ദുര്‍ബലമായാല്‍ നേട്ടമുണ്ടാക്കുന്നത് അവരാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ സന്ദേശത്തില്‍ പറയുന്നു.

അതേസമയം നാളെ ചേരാന്‍ ഇരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ രാഹുല്‍ എത്തുമോ എന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിനാല്‍ വരണമോ വേണ്ടയോ എന്നുള്ളത് രാഹുലിന്റെ മാത്രം തീരുമാനമാണെന്നാണ് നേതാക്കളുടെ നിലപാട്.

SCROLL FOR NEXT