തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാംപിലെ ആനക്കൊമ്പ് മോഷണത്തിൽ പൊലീസ് അന്വേഷണം വഴിമുട്ടി. ആനക്കൊമ്പ് പുറത്തേക്ക് കൊണ്ടുപോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്താനായില്ല. ഇതോടെയാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ ആകാത്ത അവസ്ഥയിലേക്ക് അന്വേഷണ ഉദ്യോഗസ്ഥർ എത്തിനിൽക്കുന്നത്.
സൈനിക ക്യാംപിലെ കോടികൾ വിലമതിക്കുന്ന ആനക്കൊമ്പ് മോഷണം പോയെന്ന വാർത്ത പുറത്തു വന്നിട്ട് ഇന്നേക്ക് ഒരു മാസം ആയി. അതീവ സുരക്ഷയുള്ള ക്യാംപിൽ നടന്ന മോഷണത്തെ ഗൗരവത്തോടെ കണ്ടാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. എന്നാൽ ഒരു മാസം പിന്നിട്ടിട്ടും പ്രതിയിലേക്ക് എത്താൻ പൊലീസിന് സാധിച്ചില്ല.
സൈനിക ക്യാംപിൽ നിന്ന് ആനക്കൊമ്പ് പുറത്തേക്ക് കൊണ്ട് പോകുന്ന സിസിടിവി ദൃശ്യം അന്വേഷണ സംഘത്തിന് ലഭിച്ചില്ല. ഇതോടെ ക്യാമ്പിലുള്ളവർ തന്നെയാണ് മോഷണം നടത്തിയതെന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേരുകയായിരുന്നു. എന്നിട്ടും പ്രതിയിലേക്ക് എത്താൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല. കൂടതെ, ക്യാമ്പിലെ ഉദ്യോഗസ്ഥർ അന്വേഷണത്തോട് സഹകരിക്കാതിരിക്കുന്നതും തിരിച്ചടിയായി എന്നാണ് പൊലീസിൻ്റെ വിശദീകരണം.
സൈനിക ക്യാമ്പിൽ സംഘടിപ്പിച്ച ഡിജെ പാർട്ടിക്കിടെയാണ് മോഷണം നടന്നത്. ഡിജെയിൽ പങ്കെടുത്ത ആളുകളെ അടക്കം ചോദ്യം ചെയ്തിട്ടും പ്രതികളെ കണ്ടെത്താൻ പൂജപ്പുര പൊലീസിന് കഴിഞ്ഞില്ല. ഇതോടെ സൈനിക ക്യാംപിലെ ആനക്കൊമ്പ് മോഷണം വഴിമുട്ടിയ അവസ്ഥയിലായി.