കോൺഗ്രസിന് സംസ്ഥാനത്തെ ഏറ്റവും മുതിർന്ന, ഏറ്റവും ബഹുമാനിക്കപ്പെടുന്ന നേതാവിനെയാണ് ഇപ്പോൾ നഷ്ടമായത്. ആജീവനാന്തം കോൺഗ്രസുകാരനായിരുന്ന തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് പാർട്ടിയിലും പുറത്തും ഒരഭിപ്രായവ്യത്യാസവും നേരിടേണ്ടി വന്നിട്ടില്ല. സമഭാവനയുടേയും സത്യസന്ധതയുടേയും രാഷ്ട്രീയത്തിലെ അവസാന കണ്ണികളിലൊന്നാണ് വിടപറഞ്ഞത്.
ഏറ്റവും സൗമ്യമായ മുഖം. ഏറ്റവും ലളിതമായ ജീവിതം. ഏറ്റവും സുതാര്യമായ പ്രവർത്തനം. 13 വർഷം രാജ്യസഭാംഗം. രണ്ടുവട്ടം എംഎൽഎ. രണ്ടുവട്ടം കെപിസിസി അധ്യക്ഷൻ. ഇത്രയെല്ലാമായ തെന്നല ബാലകൃഷ്ണപിള്ള ഒരു മന്ത്രിസഭാ രൂപീകരണത്തിലും ചർച്ചകളിൽ വന്നില്ല. തെന്നലയ്ക്കായി ഒരു ഗ്രൂപ്പ് മാനേജർമാരും ശബ്ദമുയർത്തിയില്ല. തനിക്ക് അർഹതയുണ്ടെന്ന് തെന്നല ഒരാളോടും പറഞ്ഞതുമില്ല. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കു രണ്ടുവട്ടവും മൽസരിച്ച് എത്തിയതായിരുന്നില്ല. ഗ്രൂപ്പുകളുടെ അതിപ്രസരം അപകടമായപ്പോൾ എല്ലാവരും ചേർന്ന് തെന്നലയിൽ അഭയം തേടിയതാണ് .
കിട്ടിയ പദവിയിലിരുന്ന് ഒരാളെയും ശാസിച്ചില്ല. ഒരാളെയും ഭൽസിച്ചില്ല. ഏത് വിഷയത്തേയും തെന്നല ഒരു ചിരികൊണ്ടു നേരിട്ടു. പിന്നെ നാലു വാക്കുകളുള്ള ഒരു വാചകം ആവർത്തിച്ചു. തക്കതായ സമയത്ത് ഉചിതമായ തീരുമാനം. ആ പ്രതികരണത്തിനപ്പുറമൊന്നും തെന്നല ഒരു മാധ്യമങ്ങളോടും പറഞ്ഞില്ല. പറയാനുള്ളത് പാർട്ടിയിൽ പറഞ്ഞു. അതത് കമ്മിറ്റികളുടെ നാലു ചുമരുകൾക്കപ്പുറത്തേക്ക് ആ ശബ്ദം ഉയർന്നില്ല. ഇങ്ങനെ ഒരു നേതാവ് രാജ്യത്തു തന്നെ അത്യപൂർവ്വം ആയിരുന്നു.
കൊല്ലം ശൂരനാട് എൻ ഗോപാലപിള്ളയുടേയും എൻ ഈശ്വരിയമ്മയുടേയും മകൻ ജനിച്ചത് 1930 മാർച്ച് 11ന്. തിരുവനന്തപുരം എംജി കോളജിൽ നിന്ന് ബിരുദത്തിനു ശേഷം മുഴുവൻ സമയ കോൺഗ്രസ് പ്രവർത്തകനായി. ആറുവർഷത്തോളം കൊല്ലം ഡിസിസി പ്രസിഡന്‍റ്. 1977ലും 1982ലും അടൂരിൽ നിന്നുള്ള എംഎൽഎ. 1998ൽ വയലാർ രവിയെ പിന്തുടർന്ന് കെപിസിസി അധ്യക്ഷൻ. 2001ൽ കെ മുരളീധരനായി സ്ഥാനത്യാഗം. മുരളീധരൻ മന്ത്രിയായപ്പോൾ വീണ്ടും കെപിസിസി അധ്യക്ഷ സ്ഥാനത്ത്.
1991, 1992, 2003 വർഷങ്ങളിലാണ് രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. തെന്നല പ്രസിഡന്‍റായ കാലത്താണ് കെ പി സി സി സിപിഐഎമ്മിനെ പ്രതിക്കൂട്ടിലാക്കിയ പ്രത്യക്ഷ സമരങ്ങൾ ഏറ്റെടുത്തത്. മുതിർന്ന നേതാക്കളെല്ലാം നിരാഹാരമിരുന്ന പയ്യാവൂർ സമരമായിരുന്നു ഏറ്റവും ശ്രദ്ധേയം. ആ സമരങ്ങളുടെ കൂടി ഫലമായാണ് 100 സീറ്റിൽ ജയിച്ച് എ കെ ആന്‍റണിയുടെ 2001ലെ മന്ത്രി സഭ അധികാരത്തിലെത്തിയത്.
തികഞ്ഞ ഭക്തനായ തെന്നല അയ്യപ്പ സേവാസംഘത്തിന്‍റെ അധ്യക്ഷനുമായിരുന്നു. ഏത് തോതിൽ അളന്നാലും കേരള രാഷ്ട്രീയം കണ്ട ഏറ്റവും തെളിച്ചമുള്ള നേതാവാണ് ഇപ്പോൾ വിട പറഞ്ഞത്.