KERALA

"ആൻ്റണി രാജുവിന് പങ്കുണ്ട്, കെട്ടിച്ചമച്ച കേസാണെന്ന ആരോപണം അടിസ്ഥാനരഹിതം"; തൊണ്ടിമുതല്‍ തിരിമറി കേസില്‍ വിശദീകരണം നൽകി പ്രോസിക്യൂഷൻ

ശിക്ഷ റദ്ദാക്കണമെന്ന ആൻ്റണി രാജുവിന്റെ ഹർജിയിലാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ വിശദീകരണം നൽകിയത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: തൊണ്ടിമുതൽ കേസിൽ മുൻമന്ത്രി ആൻ്റണി രാജുവിന് കുരുക്ക് മുറുക്കി പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ. കേസില്‍ ഹൈക്കോടതിയിൽ പ്രോസിക്യൂഷൻ വിശദീകരണം നൽകി. തിരിമറിയിൽ ആൻ്റണി രാജുവിന് പങ്കുണ്ടെന്നാണ് പ്രോസിക്യൂഷൻ അറിയിച്ചത്. കെട്ടിച്ചമച്ച കേസാണെന്ന ആൻ്റണി രാജുവിൻ്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ വ്യക്തമാക്കി. ശിക്ഷ റദ്ദാക്കണമെന്ന ആൻ്റണി രാജുവിന്റെ ഹർജിയിലാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ വിശദീകരണം നൽകിയത്.

കഴിഞ്ഞ ദിവസം പ്രോസിക്യൂഷനോട് നിര്‍ണായക കോടതി ചോദ്യങ്ങളുന്നയിച്ചിരുന്നു. ആന്റണി രാജു കക്ഷിക്ക് വേണ്ടി ജോലി ചെയ്തു എന്നതിനപ്പുറം എന്താണ് കുറ്റകൃത്യമെന്നായിരുന്നു കോടതിയുടെ ചോദ്യം. തൊണ്ടിമുതലില്‍ കൃത്രിമം കാട്ടി എന്നതിന് എന്താണ് തെളിവെന്നും കോടതി ചോദിച്ചിരുന്നു. ഹൈക്കോടതിയുടെ ചോദ്യങ്ങളില്‍ മറുപടി നല്‍കാന്‍ പ്രോസിക്യൂഷന്‍ സാവകാശം തേടിയതിന് പിന്നാലെയാണ് ഇന്ന് വിശദീകരണം നൽകിയത്.

ആരാണ് തൊണ്ടിമുതലില്‍ മാറ്റം വരുത്തിയതെന്ന് വ്യക്തത വരുത്തണം. മയക്കുമരുന്ന് ഒളിപ്പിച്ചുവച്ച അടിവസ്ത്രം തിരിച്ചുനല്‍കാന്‍ മജിസ്ട്രേറ്റ് നിര്‍ദേശം നല്‍കിയോ? ജൂനിയര്‍ അഭിഭാഷകനായ ആന്റണി രാജു തൊണ്ടിമുതല്‍ വാങ്ങി നല്‍കിയത് കക്ഷിക്ക് വേണ്ടിയല്ലേ എന്നും കോടതി ചോദിച്ചിരുന്നു. ആന്റണി രാജുവാണ് തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയത് എന്നതിന് എന്താണ് തെളിവ്? ആന്റണി രാജു കുറ്റം ചെയ്തുവെന്ന കണ്ടെത്തലിലേക്ക് മജിസ്ട്രേറ്റ് കോടതി എങ്ങനെ എത്തിയെന്നും കോടതി ചോദിച്ചു.

കേസിലെ സാക്ഷിയായി ഓസ്ട്രേലിയന്‍ പൗരനെ വിസ്തരിച്ചോയെന്നും രണ്ട് അടിവസ്ത്രങ്ങളില്‍ ഏതാണ് കൊണ്ടുപോയത്, ഏതാണ് മാറ്റം വരുത്തിയത് എന്നും തിരിച്ചറിഞ്ഞോ എന്നും ഹൈക്കോടതി ചോദിച്ചിരുന്നു. അപ്പീല്‍ ഹൈക്കോടതി മറ്റന്നാള്‍ വീണ്ടും പരിഗണിക്കും.

SCROLL FOR NEXT