കണ്ണൂർ: മാടായിപ്പാറയിലെ പ്രതിഷേധം ആർഎസ്എസ്- ജമാഅത്തെ ഇസ്ലാമി ഡീലെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. ജമാഅത്തെ ഇസ്ലാമി അമീർ ആർഎസ്എസ് നേതാക്കളെ സന്ദർശിച്ച് ഡീൽ ഉണ്ടാക്കിയെന്നും ആ ഡീലിന്റെ ഭാഗമാണ് മാടായിപ്പാറയിലെ പ്രതിഷേധമെന്നും രാഗേഷ്. ആർഎസ്എസിൻ്റെ മറുവാക്കാണ് ജമാഅത്ത് ഇസ്ലാമിയെന്നും ആരോപണം. പഴയങ്ങാടിയിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു രാഗേഷിൻ്റെ പ്രതികരണം.
സംഘപരിവാറിന് നേട്ടം ഉണ്ടാക്കാൻ അവസരം ഉണ്ടാക്കി കൊടുക്കുന്ന പണിയാണ് ജമാ അത്തെ ഇസ്ലാമി ചെയ്യുന്നത്. മാടായിപ്പാറ ദേവസ്വം ഭൂമിയാണ്. നാലഞ്ച് കിലോമീറ്റർ അകലെ നിന്ന് എത്തി ജിഐഒ പ്രവർത്തകർ എന്തിനാണ് ഇവിടെ പ്രതിഷേധം നടത്തിയത് ? അത് ആർഎസ്എസിന് അവസരം നൽകാനുള്ള നീക്കമാണെന്നും രാഗേഷ് പ്രതികരിച്ചു.
പലസ്തീൻ അനുകൂല മുദ്രാവാക്യം വിളിച്ചത് സമൂഹ സ്പർദ്ധ ഉണ്ടാക്കിയെന്ന എഫ്ഐആറിൽ തലക്ക് വെളിവില്ലാത്ത പൊലീസുകാരനാണ് എഫ്ഐആർ ഇട്ടതെന്നും അതിനോട് സിപിഐഎമ്മിന് യോജിപ്പില്ലെന്നും കെ.കെ. രാഗേഷ് പ്രതികരിച്ചു.
മാടായിപ്പാറയെ തകർക്കാൻ ജിഹാദി നീക്കമെന്ന് ബിജെപി നേരത്തെ ആരോപിച്ചിരുന്നു. കണ്ണൂർ ജില്ലയിൽ തീവ്രവാദം ശക്തിപ്പെടുത്താൻ ജമാഅത്തെ ഇസ്ലാമി ശ്രമമെന്ന് നോർത്ത് ജില്ലാ പ്രസിഡണ്ട് കെ.കെ. വിനോദ് കുമാർ പറഞ്ഞു. ദേവസ്വം ഭൂമി കൈയ്യടക്കി വാദി ഹുദാ സ്കൂളിലേക്ക് റോഡുണ്ടാക്കി. ഭൂമി തിരിച്ച് പിടിക്കണമെന്നും കെ.കെ. വിനോദ് കുമാർ പറഞ്ഞിരുന്നു.