എറണാകുളം: പാചകവാതക ക്ഷാമത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി സംസ്ഥാനത്തെ ഹോട്ടൽ സംഘടന. കേരളത്തിലുടനീളം മാർച്ച് 23ന് ( തിങ്കളാഴ്ച ) ഹോട്ടലുകൾ അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ) അറിയിച്ചു. ഹോട്ടലുകളെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തണമെന്നും പാചകവാതകം വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.
പാചകവാതക ലഭ്യതയിലെ പ്രതിസന്ധി വ്യാപകമായതിനെ തുടർന്നാണ് കെ.എച്ച്.ആർ.എ. സമരരംഗത്തേക്ക് ഇറങ്ങുന്നത്. പ്രൈവറ്റ് കമ്പനികൾ അവസരം മുതലാക്കി ഗ്യാസിന് വൻ വിലവർധന വരുത്തിയിരിക്കുന്നു. ഉപഭോക്താക്കളെയും ഹോട്ടൽ വ്യവസായത്തെയും ഇത് ഗുരുതരമായി ബാധിക്കുന്നുവെന്നാണ് അസോസിയേഷൻ വ്യക്തമാക്കുന്നത്. വ്യാഴാഴ്ച ബോട്ടിലിംഗ് പ്ലാന്റുകളിലേക്ക് മാർച്ച് നടത്തുമെന്നും സംഘടന അറിയിച്ചു.