തിരുവനന്തപുരം: കിളിമാനൂരിലുണ്ടായ വാഹനാപകടത്തിൽ ദമ്പതികൾ മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. മരിച്ചയാളുടെ മൃതദേഹവുമായി പ്രതിഷേധിക്കുകയാണ് കുടുംബം. കിളിമാനൂർ പൊലീസ് സ്റ്റേഷനിലാണ് മൃതദേഹവുമായി പ്രതിഷേധം നടക്കുന്നത്. വാഹനം ഓടിച്ച ആളെ കണ്ടെത്തിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.
ജനുവരി 3ന് കിളിമാനൂർ പാപ്പാലയിലായിരുന്നു അപകടം. അപകടത്തിന് പിന്നാലെ ചിജിത്സയിലായിരുന്ന ഭാര്യ അംബിക ജനുവരി 7 ന് മരിച്ചിരുന്നു. ഇന്നലെയാണ് കിളിമാനൂർ കുന്നുമ്മൽ സ്വദേശി രജിത് മരിക്കുന്നത്. ഇയാളുടെ മൃതദേഹവുമായാണ് പ്രതിഷേധം.
പൊലീസ് ഉന്നതരെ രക്ഷിക്കാൻ ശ്രമിക്കുന്നു എന്നാണ് കുടുംബത്തിൻ്റെ ആരോപണം. വാഹനം ഓടിച്ച ആളെ ഇതുവരെ കണ്ടെത്തിയിട്ടില്ല. അപകടം ഉണ്ടാക്കിയ മഹീന്ദ്ര താർ വാഹനത്തിൽ നിന്നും രണ്ടു സർക്കാർ ഉദ്യോഗസ്ഥരുടെ ഐഡന്റിറ്റി കാർഡ് കണ്ടെത്തിയിരുന്നു. എന്നാൽ കേസിൽ പ്രതി ചേർത്തത് സർക്കാർ ജീവനക്കാരല്ലാത്ത ഒരാളെയാണെന്നും ആരോപണമുണ്ട്.