പാലക്കാട്: കെഎസ്ആർടിസി ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം കനക്കുന്നു. പാത്തും, പതുങ്ങിയും എത്ര നാൾ ജനങ്ങളെ വഞ്ചിച്ച് എംഎൽഎക്ക് മുന്നോട്ട് പോവാൻ കഴിയുമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.സി. റിയാസുദ്ദീൻ ചോദിച്ചു. ഒരു ജനപ്രതിനിധിക്കും ഈ ഗതികേട് ഉണ്ടാവരുതെന്ന് ബിജെപി സംസ്ഥാന ട്രഷറർ ഇ. കൃഷ്ണദാസ് പരിഹസിച്ചു. വിവാദങ്ങൾ തുടരുന്നതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മണ്ഡലത്തിൽ തന്നെ തുടരുകയാണ്.
കഴിഞ്ഞ ദിവസമാണ് പാലക്കാട്-ബാംഗ്ലൂർ റൂട്ടിലെ പുതിയ കെഎസ്ആർടിസി ബസ് സർവീസ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തത്. ഇന്നലെ രാത്രി 9 മണിയോടെയാണ് ഫ്ലാഗ് ഓഫ് നടന്നത്. പാലക്കാട് നിന്ന് ബാംഗ്ലൂരിലേക്ക് കെഎസ്ആർടിസി എസി ബസ് സർവീസ് വേണമെന്ന ആവശ്യം ഗതാഗത മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. കഴിഞ്ഞദിവസമാണ് പാലക്കാട് കെഎസ്ആർടിസി ഡിപ്പോയ്ക്ക് സർവീസ് അനുവദിച്ച് നൽകിയത്.
ലൈംഗിക ആരോപണങ്ങളെ തുടർന്നുള്ള വിവാദങ്ങൾക്ക് പിന്നാലെ പാലക്കാട് എത്തിയ എംഎൽഎയുടെ ആദ്യത്തെ ഔദ്യോഗിക പരിപാടിയാണ് ഇത്.