കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് അങ്കമാലി അതിരൂപത Source: News Malayalam 24x7
KERALA

കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധാഗ്നി; അങ്കമാലി അതിരൂപത പ്രതിഷേധറാലി സംഘടിപ്പിച്ചു

കന്യാസ്ത്രീകളുടേത് അന്യായ അറസ്റ്റാണെന്ന് അങ്കമാലി അതിരൂപത പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

എറണാകുളം: ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ പ്രതിഷേധിച്ച് അങ്കമാലി അതിരൂപത. അങ്കമാലി കിഴക്കേപ്പള്ളിയിൽ നിന്ന് ആരംഭിച്ച പ്രതിഷേധറാലി സെൻ്റ് ജോസഫ്സ് കോളേജ് ഗ്രൗണ്ടിൽ സമാപിക്കും. പ്രതിഷേധ ജാഥയ്ക്ക് ശേഷം പൊതുയോഗവുമുണ്ടാകും. പൊതുയോഗം ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. കന്യാസ്ത്രീകളുടേത് അന്യായ അറസ്റ്റാണെന്ന് അങ്കമാലി അതിരൂപത പറഞ്ഞു.

കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധം ആളിക്കത്തുകയാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി എറണാകുളം ജില്ലയിൽ അങ്ങിങ്ങോളമുള്ള ഇടവകകളിലും അതിരൂപതകളിലുമെല്ലാം വലിയ തോതിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

ജയിലിൽ കഴിയുന്ന മലയാളി കന്യാസ്ത്രീകൾ നിരപരാധികളെന്ന് കന്യാസ്ത്രീകൾക്ക് ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടി കമലേശ്വരി പ്രധാൻ പ്രതികരിച്ചു. ആഗ്രയിലേക്ക് പോയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും മാതാപിതാക്കളുടെ സമ്മതപ്രകാരം ആണ് കന്യാസ്ത്രീകൾക്ക് ഒപ്പം പോയതെന്നും കമലേശ്വരി പ്രധാൻ പ്രതികരിച്ചു. ദേശീയമാധ്യമമായ ഇന്ത്യാ ടുഡേയോടായിരുന്നു പെൺകുട്ടിയുടെ പ്രതികരണം. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിലെ ഛത്തീസ്​ഗഡ് പൊലീസ് വാദം പൊളിച്ചിരിക്കുകയാണ് ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയുടെ തുറന്നുപറച്ചിൽ.

കുഴപ്പം ഉണ്ടാക്കിയത് ബജ്രംഗ്ദൾ പ്രവ‍ർത്തകരാണ്. തങ്ങളെ ബജരംഗ് പ്രവർത്തകർ മർദിച്ചുവെന്നും കമലേശ്വരി പ്രധാൻ പ്രതികരിച്ചു. കന്യാസ്ത്രീകൾക്ക് എതിരെ മൊഴി നൽകിയത് ബജ്രംഗ്ദൾ പ്രവർത്തകർ മർദിച്ച് ഭീഷണിപെടുത്തിയതിനാലാണ്. ജ്യോതി ശർമ്മയാണ് അസഭ്യം പറഞ്ഞതെന്നും പെൺകുട്ടി പറഞ്ഞു.

SCROLL FOR NEXT