എറണാകുളം: നടൻ മമ്മൂട്ടിയെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്.സഞ്ജീവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. മമ്മൂട്ടിയെ സന്ദർശിച്ച ചിത്രങ്ങൾ പങ്കുവെച്ചതിനെ തുടർന്ന് വ്യാപകമായി സോഷ്യൽ മീഡിയയിൽ നിന്നും സൈബർ ആക്രമണം നേരിട്ട സാഹചര്യത്തിലാണ് ഫേസ്ബുക്ക് പോസ്റ്റുമായി പി.എസ്. സഞ്ജീവ് രംഗത്തെത്തിയത്.
സിപിഐഎം വയനാട് ജില്ല സെക്രട്ടറിയുമായി ബന്ധപ്പെട്ട വിഷയത്തിന്മേലാണ് ഈ അഭിപ്രായങ്ങൾ എന്നാണെങ്കിൽ പ്രസ്തുത വിഷയം നേരത്തെ തന്നെ പരിഹരിച്ചതാണെന്നും മമ്മൂട്ടിയെ പോലൊരു കലാകാരൻ എസ്എഫ്ഐ ഭാരവാഹികളെ കാണണം എന്ന് അറിയിച്ച്, ഞങ്ങളെ ക്ഷണിച്ചത് വ്യക്തിപരമായ എന്തെങ്കിലും മേന്മയുടെ അടിസ്ഥാനത്തിലല്ല മറിച്ച് രാജ്യത്തും, കേരളത്തിലും എസ്എഫ്ഐ നടത്തുന്ന ഇടപെടലുകൾക്ക് കിട്ടിയ അംഗീകാരത്തിന്റെ ഭാഗമായാണെന്നും പി.എസ്. സഞ്ജീവ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. കലാകാരന്മാരെ ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ട് പോകുക എന്നുള്ളതാണ് ഇടത് രാഷ്ട്രീയ നിലപാടെന്നും മമ്മൂട്ടിയെ ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുടെ ഭാഗമായി പരിമിതപ്പെടുത്തുന്നത് തന്നെ ശരിയുമല്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
പി.എസ് സഞ്ജീവ് പങ്കുവെച്ച് ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം...
കഴിഞ്ഞ ദിവസം മലയാളത്തിന്റെ അഭിമാനമായ പ്രിയ നടൻ മമ്മൂട്ടിയോടൊപ്പം അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയെ തുടർന്ന് ഫോട്ടോ നവമാധ്യമങ്ങളിൽ ഞങ്ങൾ പങ്കുവെച്ചിരുന്നു. അതിനെതിരെ സൈബർ അക്രമം അഴിച്ചിവിട്ടതായും കണ്ടു.സിപിഐഎം വയനാട് ജില്ല സെക്രട്ടറിയുമായി ബന്ധപ്പെട്ട വിഷയത്തിന്മേലാണ് ഈ അഭിപ്രായങ്ങൾ എന്നാണെങ്കിൽ പ്രസ്തുത വിഷയം നേരത്തെ തന്നെ പരിഹരിച്ചതുമാണ്,മമ്മൂട്ടിയെ പോലൊരു കലാകാരൻ എസ്എഫ്ഐ ഭാരവാഹികളെ കാണണം എന്ന് അറിയിച്ച്, ഞങ്ങളെ ക്ഷണിച്ചത് വ്യക്തിപരമായ എന്തെങ്കിലും മേന്മയുടെ അടിസ്ഥാനത്തിലല്ല മറിച്ച് രാജ്യത്തും, കേരളത്തിലും എസ്എഫ്ഐ നടത്തുന്ന ഇടപെടലുകൾക്ക് കിട്ടിയ അംഗീകാരത്തിന്റെ ഭാഗമായാണ്. എസ്എഫ്ഐ യെ നിരോധിക്കണം എന്ന് പാർലമെന്റിൽ ആവശ്യപ്പെട്ട ഒരു എം.പിയുള്ള കേരളത്തിൽ മലയാളത്തിന്റെ അടയാളം തന്നെ എസ്എഫ്ഐക്ക് അംഗീകാരം നൽകുമ്പോൾ അത് സംഘടനയുടെ പ്രസക്തി ഇരട്ടിപ്പിക്കുകയാണ്.
ഫോട്ടോ മാത്രമല്ല 2 മണിക്കൂറിൽ അധികം ഞങ്ങളോട് രാഷ്ട്രീയം, മതം,സാംസ്കാരികം,സിനിമ, ചരിത്രം എന്നിങ്ങനെ സർവതലസ്പർശിയായ ചായ ചർച്ചയും നടത്തി നാടിന്റെ ഭാവിയെക്കുറിച്ച് ആശയങ്ങളും പങ്കുവെച്ചു.കലാകാരന്മാരെ ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ട് പോകുക എന്നുള്ളതാണ് ഇടത് രാഷ്ട്രീയ നിലപാട്. മമ്മൂട്ടിയെ ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുടെ ഭാഗമായി പരിമിതപ്പെടുത്തുന്നത് തന്നെ ശരിയുമല്ല.
അതുകൊണ്ട് മമ്മൂട്ടി മാത്രമല്ല എസ്എഫ്ഐ രാഷ്ട്രീയത്തെ ഉൾക്കൊണ്ട് നമ്മളുമായി ബന്ധപ്പെടുന്ന ഏതൊരു സാംസ്‌കാരിക മുഖത്തെയും കാണുന്നതോ,സംസാരിക്കുന്നതോ തെറ്റായി തോന്നുന്നില്ല അത് തുടരുകയും ചെയ്യും.