തിരുവനന്തപുരം: മട്ടന്നൂർ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ മികച്ച തിരക്കഥാകൃത്താക്കി പിഎസ്‌സി ബുള്ളറ്റിൻ. മേയ് 15ന് പ്രസിദ്ധീകരിച്ച പിഎസ്‌സി ബുള്ളറ്റിന്റെ അവസാന പേജിലെ സമകാലികം കുറിപ്പിലാണ് ഗുരുതരമായ തെറ്റുള്ളത്. 49ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകളെക്കുറിച്ചുള്ള വിവരണത്തിൽ മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നേടിയ രാജേഷ് തില്ലങ്കേരിക്ക് പകരമാണ് ആകാശ് തില്ലങ്കേരിയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത്.
സംഭവം വാർത്തയായതിന് പിന്നാലെ വിശദീകരണവുമായി പിഎസ്‌സി രംഗത്തെത്തിയിരുന്നു. ആകാശ് തിലങ്കേരിയുടെ ഫോട്ടോയില്‍ വീഴ്ച സംഭവിച്ചെന്നും അടുത്ത ലക്കത്തില്‍ തിരുത്തല്‍ കുറിപ്പ് നല്‍കുമെന്നുമാണ് പിഎസ്‌സിയുടെ വിശദീകരണം. ജൂൺ ഒന്നിന് പ്രസിദ്ധീകരിച്ച തൊട്ടടുത്ത ലക്കത്തില്‍ തിരുത്തി രജേഷ് തില്ലങ്കേരിയുടെ ഫോട്ടോ വച്ചിരുന്നു. എന്നാൽ തിരുത്തല്‍ കുറിപ്പ് നല്‍കിയിരുന്നില്ല. അടുത്ത ലക്കത്തിൽ അത് നൽകുമെന്നും പിഎസ്‌സി പിആർഒ അറിയിച്ചു.