തിരുവനന്തപുരം: പരീക്ഷാ ക്രമക്കേട് കേസുകളില്‍ പി.എസ്.സി ചെയർമാൻ എം.ആർ. ബൈജുവിനെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നിർദേശം. ആവശ്യമെങ്കില്‍ കസ്റ്റഡിയിലുള്ള പി.എസ്.സി അഡീഷണൽ സെക്രട്ടറി ആർ. ഹരിക്കൊപ്പം ഇരുത്തി ചെയർമാനെ ചോദ്യം ചെയ്യാനാണ് എസ്.ഐ.ടി തീരുമാനം.
കഴിഞ്ഞ ആഴ്ച ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയെങ്കിലും ഹൈക്കോടതി കേസ് പരിഗണിക്കുന്നത് ചൂണ്ടിക്കാട്ടി ബൈജു ഒഴിഞ്ഞുമാറിയിരുന്നു. ഇത് പരിഗണിക്കാതെയാണ് ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് നൽകിയത്. അതേസമയം, ഇന്ന് ഹാജരാകുമോ എന്ന് ബൈജു അന്വേഷണ സംഘത്തെ അറിയിച്ചിട്ടില്ല. ഹാജരായില്ലെങ്കില്‍ ചെയർമാനെതിരെ കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.
ചട്ടങ്ങൾ മറികടന്ന് എഴുത്ത് പരീക്ഷയുടെ മാർക്കുകൾ ആർ. ഹരി ചെയർമാന് കൈമാറിയെന്നും, ഇതിൻ്റെ അടിസ്ഥാനത്തിൽ അഭിമുഖ പരീക്ഷകൾ ചെയർമാൻ അട്ടിമറിച്ചെന്നും ഒരു വിഭാഗം കമ്മീഷൻ അംഗങ്ങൾ എസ്.ഐ.ടിക്ക് മൊഴി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ചെയർമാനെ വീണ്ടും ചോദ്യം ചെയ്യുന്നത്.