KERALA

"നിങ്ങൾ വഞ്ചിതരാകരുത്! മാധ്യമങ്ങളും രാഷ്ട്രീയ താൽപ്പരരും വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നു"; പരീക്ഷാ തട്ടിപ്പിൽ ന്യായീകരണവുമായി പിഎസ്‌സി ഉദ്യോഗസ്ഥ

ക്രൈംബ്രാഞ്ചിന് വിവരങ്ങൾ നൽകാൻ രൂപീകരിച്ച പ്രത്യേക സെല്ലിലെ അംഗമാണ് സന്ധ്യപ്രഭ

Author : ന്യൂസ് ഡെസ്ക്

എറണാകുളം: ആസൂത്രണം ബോർഡിലേക്കുള്ള പിഎസ്‌സി പരീക്ഷാ തട്ടിപ്പിൽ ന്യായീകരണവുമായി പിഎസ്‌സി ഉദ്യോഗസ്ഥ. ഉദ്യോഗാർഥികളുടെ പരാതികളിൽ കഴമ്പില്ലെന്നും പരീക്ഷാ സംവിധാനം സുതാര്യമെന്നുമാണ് സെക്ഷൻ ഓഫീസർ സന്ധ്യപ്രഭയുടെ ഫേസ്ബുക്ക് പോസ്റ്റ്. മാധ്യമങ്ങളും രാഷ്ട്രീയ താൽപ്പരരും ചേർന്ന് വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നുവെന്നും പോസ്റ്റിൽ പറയുന്നു. ക്രൈംബ്രാഞ്ചിന് വിവരങ്ങൾ നൽകാൻ രൂപീകരിച്ച പ്രത്യേക സെല്ലിലെ അംഗമാണ് സന്ധ്യപ്രഭ.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

വാർത്തകളിൽ നിറഞ്ഞ് കേരള പബ്ലിക് സർവീസ് കമ്മീഷൻ പറയാനുണ്ട്, മറ്റാരോടുമല്ല, ഉദ്യോഗാർഥികളോട് മാത്രം.‌ നിങ്ങൾ വഞ്ചിതരാകരുത്. മാധ്യമങ്ങൾ ഒന്നായും രാഷ്ട്രീയതല്പരർ കൂട്ടമായും കേരളാ പബ്ലിക് സർവീസ് കമ്മീഷനെതിരെ വ്യാജ വാർത്തകളുടെ ഒരു ഘോഷം തന്നെ നടത്തുമ്പോൾ അത് തകർക്കുന്നത് നിങ്ങളുടെ ആത്മവിശ്വാസത്തെയാണ്. അവരുടെ ആഗ്രഹവും അതുതന്നെയാണെന്ന് നിങ്ങൾ തിരിച്ചറിയണം. സംവരണതത്വങ്ങൾ കാറ്റിൽ പറത്തി അർഹമായവരെ പുറംതള്ളി വേണ്ടപ്പെട്ടർക്ക് നിയമനം നൽകേണ്ടത് അവരുടെ ആവശ്യമാണ്, അല്ലാതെ പബ്ലിക് സർവീസ് കമ്മീഷന്റേതല്ല. ഇത്രയും നെഗറ്റീവായ വാർത്തകൾ കൊണ്ട് സോഷ്യൽ മീഡിയകളും മാധ്യമങ്ങളും പരമ്പരകൾ സൃഷ്ടിക്കുമ്പോഴും ഇത്ര ആർജവത്തോടെ എനിക്കിത് പറയാൻ കഴിയുന്നതിന് ഒറ്റ കരണമേയുള്ളു, അത് കറ പുരളാത്ത കരങ്ങളാണ് പി.എസ്.സിയുടേത് എന്ന ഉറച്ച വിശ്വാസം ഉള്ളതുകൊണ്ട് തന്നാ.

നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നുണ്ടാവും, തീയില്ലാതെ പുകയുണ്ടാകുമോ എന്ന്, ഈ കേൾക്കുന്നതിൽ എന്തെങ്കിലുമൊക്കെ സത്യമുണ്ടാവില്ലേ എന്ന്. കുട്ടുകാരെ, പി.എസ്.സി ജീവനക്കാർക്കും തെറ്റു പറ്റും, പി.എസ്.സിയിലും സാങ്കേതിക തകരാറുകൾ വിരളമായെങ്കിലും സംഭവിക്കാം. കണ്ടുപിടിക്കപ്പെടുന്ന വേളയിൽ തന്നെ തിരുത്തപ്പെടുകയും ചെയ്യും, അതാണ് ചരിത്രം. അവിടെയും മനുഷ്യർ തന്നെയല്ലേ, Error is human അല്ലെ. പ്ലാനിംഗ് ബോർഡിലെ ചീഫ് തസ്തികയുടെ മൂല്യനിർണ്ണയത്തിൽ ഒരു തകരാർ സംഭവിച്ചു എന്ന് കണ്ടെത്തിയിരിക്കുന്നു. ആ പരീക്ഷേഴുതിയ എല്ലാ ഉദ്യോഗാർത്ഥികളുടെയും കുറച്ച് ചോദ്യങ്ങൾ മൂല്യനിർണ്ണയം നടത്തപ്പെട്ടിട്ടില്ലായെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. അത് നിസ്സാരമായ ഒരു തെറ്റല്ല, ഗുരുതരമായ കൃത്യവിലോപം തന്നെയാണ്. ഇനി അത് തിരുത്തുക മാത്രമേ പരിഹാരമുള്ളു. എങ്ങനെയാണ് അത് കണ്ടെത്തിയത്. ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ ഉത്തരക്കടലാസിന്റെ പകർപ്പ് ലഭ്യമായപ്പോഴാണ് അത് തിരിച്ചറിഞ്ഞത്. പി.എസ്.സിക്കും തെറ്റു പറ്റാം. അത് ഏത് തലത്തിൽ വച്ചായാലും കണ്ടുപിടിക്കപ്പെടണം. അതുകൊണ്ടാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുമ്പോൾ അതിലുൾപ്പെടുന്ന ഓരോ ഉദ്യോഗാർത്ഥിക്കും തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിൽ ലഭിക്കുന്ന മാർക്കുൾപ്പെടെ പ്രസിദ്ധപ്പെടുത്തുന്നത്. മാത്രമല്ല, റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞാൽ പരീക്ഷ എഴുതിയ എല്ലാ ഉദ്യോഗാർത്ഥികളുടെയും പ്രൊഫൈലുകളിൽ അവർക്ക് ലഭിച്ച മാർക്ക് ലഭ്യമാക്കുകയും ചെയ്യും.

എന്നാൽ പ്രസിദ്ധീകരിക്കപ്പെടുന്ന റാങ്ക് പട്ടികയ്ക്ക് ആധാരമായ പരീക്ഷ ഒരു പൊതു പരീക്ഷയാണെങ്കിൽ ആ പരീക്ഷ ഏതൊക്കെ തസ്തികയ്ക്കുവേണ്ടിയായിരുന്നുവോ അതിന്റെയെല്ലാം റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധപ്പെടുത്തിയതിനു ശേഷം മാത്രമേ മാർക്ക് പ്രസിദ്ധപ്പെടുത്താൻ സാധിക്കുകയുള്ളു. അതിനുശേഷം മാത്രമേ ഉത്തരക്കടലാസുകളുടെ പകർപ്പ് ലഭ്യമാക്കാനും സാധിക്കുകയുള്ളു. റാങ്ക് ലിസ്റ്റുകളുടെ രഹസ്യസ്വഭാവം സൂക്ഷിക്കാൻ അത് തികച്ചും അത്യാവശ്യവുമാണ്. പ്ലാനിംഗ് ബോർഡ് ചീഫ് തസ്തികയുടെ കാര്യത്തിലും പൊതു പരീക്ഷയിൽ ഉൾപ്പെട്ട ഒരു റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാൻ കഴിയാതെപോയതിനാലാണ് മാർക്ക് പ്രസിദ്ധപ്പെടുത്താൻ സാധിക്കാതെപോയതും ഉത്തരക്കടലാസിന്റെ പകർപ്പ് ആവശ്യപ്പെട്ട ഉടനെ നൽകാൻ കഴിയാത്തതും. മറ്റു തസ്തികകളുടെയും മൂല്യനിർ ണയത്തിൽ തെറ്റു പറ്റിക്കൂടായെന്നില്ലല്ലോ എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകാം.

ചിന്തിക്കുന്നതിൽ തെറ്റില്ല. പക്ഷെ എല്ലാ പരീക്ഷയ്ക്കും ഉത്തരപ്പേപ്പറിന്റെ പകർപ്പ് ലഭ്യമാക്കുന്ന സംവിധാനം പി.എസ്.സിക്കുള്ളത് തന്നെ എന്തെങ്കിലും തെറ്റു പറ്റിയതായി ഉദ്യോഗാർത്ഥികൾക്ക് സംശയം തോന്നിയാൽ അതുന്നയിക്കാനും പരാതി അറിയിക്കാനും വേണ്ടിത്തന്നെയാണ്. അല്ലാതെ ഒന്ന് തെറ്റിയെങ്കിൽ എല്ലാം തെറ്റി എന്ന വെറുതെ ജല്പനങ്ങൾ നടത്താനല്ല.

കൂട്ടുകാരെ, നിങ്ങൾ വഞ്ചിക്കപ്പെടരുത്. പി.എസ്.സിക്ക് ഒരന്വേഷണത്തെയും ഭയമില്ല. അന്വേഷണങ്ങൾക്ക് അതിന്റേതായ നടപടി ക്രമങ്ങൾ ഉണ്ടെന്ന് മാത്രം. പി.എസ്.സിയുടെ ഇന്റേണൽ വിജിലൻസ് ഓഫീസർ കൺട്രോളർ ഓഫ് എക്‌സാമിനേഷൻസ് ആൻഡ് ഇന്റേണൽ വിജിലൻസ് ഓഫീസർ ആണ്. പ്രാഥമിക അന്വേഷണ ഉദ്യോഗസ്ഥൻ/ഉദ്യോഗസ്ഥ അവരാണ്. റാങ്ക് പട്ടികകൾ തയ്യാറാക്കുന്നത് കൺട്രോളർ ഓഫ് എക്‌സാമിനേഷൻസ് അല്ല. പ്രാഥമിക അന്വേഷണ റിപ്പോർട്ടനുസരിച്ചാണ് തുടരന്വേഷണത്തിന് ഉത്തരവുണ്ടാകുന്നത്. ഇവിടെ പ്ലാനിംഗ് ബോർഡ് ചീഫ് തസ്തികയുടെ മൂല്യനിർണയത്തിൽ വന്ന പിഴവിനെ സംബന്ധിച്ചും നിയമാനുസൃതമായ അന്വേഷണത്തിനു തന്നെയാണ് പി.എസ്.സി തുടക്കമിട്ടതും.

പ്രിയപ്പെട്ട ഉദ്യോഗാർത്ഥികളേ നിങ്ങളിപ്പോൾ ചിന്തിച്ചതെന്താണെന്ന് ഞാൻ ഊഹിക്കട്ടെ. ഒരു തസ്തികയുടെ കാര്യം മാത്രമല്ലല്ലോ മാധ്യമങ്ങളിൽ ഞങ്ങൾ കാണുന്നത് എന്നല്ലേ. അതാണ് വിചിത്രം. ഒരു ചാനലിൽ കഴിഞ്ഞ ദിവസം ഒരു ചർച്ച കാണാനിടയായി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ഹെഡ് ഓഫ് സെക്ഷൻ എന്ന തസ്തികയുടെ റാങ്ക് പട്ടികയിൽ ഇടം നേടാൻ കഴിയാത്ത ഒരു ഉദ്യോഗാർഥിയെ കേന്ദ്രീകരിച്ചായിരുന്നു ചർച്ച. ചർച്ചയിലുടനീളം ആ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥി ഏതോ രാഷ്ട്രീയനേതാവിന്റെ ബന്ധുവാണെന്നും അദ്ദേഹത്തെ തിരികെക്കയറ്റാനായി തന്നെ ഉൾപെടുത്തിയില്ലായെന്നും നുണ പറയുകയാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാതെ പോയ ആൾ, അത് പിന്താങ്ങി മറ്റുള്ളവരും. നോക്കു കുട്ടുകാരെ, ആ തസ്തികയ്ക്ക് " വിദ്യഭ്യാസ യോഗ്യത നേടിയ ശേഷം അധ്യാപനത്തിലോ വ്യവസായ മേഖലയിലോ ഉള്ള എട്ട് വർഷത്തെ പ്രവൃത്തിപരിചയം വേണം. അതിൽ മൂന്ന് വർഷം പോളിടെക്നിക്കുകളിൽ ലക്ചറർ തസ്തികയിലായിരിക്കുകയും വേണം." തന്നെ പുറത്താക്കി എന്ന് പറഞ്ഞുകൊണ്ട് ആ ചാനൽ ചർച്ചയിൽ പങ്കെടുത്ത ഉദ്യോഗാർത്ഥിക്ക് അദ്ധ്യാപന തസ്തികയിലെ പ്രവർത്തിപരിചയം സംബന്ധിക്കുന്ന പി.എസ.സി നിഷ്‌കർഷിക്കുന്ന ഫോർമാറ്റിലുള്ള, ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ കൗണ്ടർ സൈൻ ചെയ്ത എക്സ്പീരിയൻസ് സർട്ടിഫിക്കറ്റു ഹാജരാക്കാൻ സാധിച്ചില്ല. അതിനാലാനാണ് റാങ്ക് പട്ടികയിൽ ഉൾപെടാത്തത്. സത്യത്തിൽ ആടിനെ പട്ടിയാക്കുന്ന രീതിയിലാണ് ഇവരൊക്കെ തെറ്റായ വാർത്തകൾ പടച്ചുവിടുന്നതും, മാധ്യമങ്ങൾ പി.എസ്.സി എന്ന സ്ഥാപനം തകർക്കാനായി ഇത്തരം വാർത്തകളുടെ പ്രചാരകരാവുന്നതും.

ഈ നുണകൾ പ്രചരിപ്പിച്ച് നിങ്ങളെ വഞ്ചിക്കുന്നതിൽ മത്സരിക്കുകയാണ് മാധ്യമങ്ങൾ. മറ്റൊരു ചാനലിൽ , പാലക്കാട് ജില്ലയിലെ എൽ.പി.സ്‌കൂൾ ടീച്ചർ തസ്തികയുടെ റാങ്ക് പട്ടികയിൽ നിന്നും ഒന്നാം റാങ്കുകാരിക്കു പോലും നിയമനം ലഭിച്ചില്ലായെന്നു പറഞ്ഞുകൊണ്ട് ആ വിഷയം കേന്ദ്രീകരിച്ചാണ് ചർച്ച. സ്വാഭാവികമായും നിങ്ങൾ ചിന്തിക്കും പിന്നെന്തിനാ ഈ പി.എസ്.സി. ഒന്നാം റാങ്കുകാരിക്ക് പോലും നിയമനം ഇല്ലത്രെ എന്നല്ലേ. സുഹൃത്തുക്കളെ ഇവിടെയും വസ്തുക്കൾ മറച്ചുവച്ച് നിങ്ങളെ പറ്റിക്കുകയാണ് മാധ്യമങ്ങൾ. നോക്കു എന്താണ് പി.എസ്.സി.യുടെ ജോലി. എല്ലാവര്ക്കും ജോലി കൊടുക്കലാണോ, അതിനു സാധിക്കുമോ? കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ജോലി എന്ന് പറയുന്നത് കേരളത്തിലെ സർക്കാർ സർവീസിലേക്ക്, സർക്കാർ ആവശ്യപ്പെടുമ്പോൾ ആവശ്യപ്പെടുന്ന തസ്തികകൾക്ക് സർക്കാർ തീരുമാനിച്ചിരിക്കുന്ന സ്‌പെഷ്യൽ റൂളുകളുടെ അടിസ്ഥാനത്തിൽ ഏറ്റവും യോഗ്യരായ ഉദ്യോഗാർത്ഥികളെ കണ്ടെത്തി സാമൂഹ്യ നീതി ഉറപ്പുവരുത്താനായി സംവരണതത്വം പാലിച്ചുകൊണ്ട് നിയമനം നടത്തുക എന്നതാണ്. അല്ലാതെ ഒന്നാം റാങ്കുകാരെ നിയമിക്കുക, അല്ലെങ്കിൽ ഒരു റാങ്ക് പട്ടികയിൽ നിന്നും നിശ്ചിത എണ്ണം ആളുകളെ നിയമിക്കുക എന്നതല്ല. എൽ.പി.സ്‌കൂൾ ടീച്ചർ തസ്തികയുടെ റാങ്ക് പട്ടികയിൽ ഒന്നാം റാങ്ക് കിട്ടിയ ആൾക്ക് നിയമനം ലഭിച്ചില്ലായെന്ന് ചാനലിലിരുന്ന് പി.എസ്.സി.യെ പഴിചാരുകയും അതിനു ചുക്കാൻ പിടിക്കുകയും ചെയ്യുന്ന മാധ്യമങ്ങൾ നിങ്ങൾക്ക് മുന്നിൽ സത്യങ്ങൾ മറച്ചുപിടിക്കുകയാണ്.

ആ തസ്തികയുടെ വിജ്ഞാപനം പുറപ്പെടുവിക്കുന്നത് തന്നെ ആ സമയത്ത് നിലവിലുണ്ടായിരുന്ന ഭിന്നശേഷിക്കാർക്കായി മാറ്റി വച്ച ഒഴിവുകൾക്കും, റാങ്ക് പട്ടികയുടെ കാലാവധിക്കുള്ളിൽ ഉണ്ടാകുന്ന ഒഴിവുകൾക്കും വേണ്ടിയാണ്. ആ റാങ്ക് പട്ടികയിൽ നിന്നും നിയമന ശിപാർശ നൽകിയപ്പോൾ ഭിന്നശേഷിക്കാരായ 8 പേർക്ക് നിയമനം ലഭിച്ചിട്ടുണ്ട്. ആ 8 ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾ നിയമനാസൃതമായി ഒന്നാം റാങ്കുള്ള ആളെക്കാൾ അർഹരാണ്. അക്കാര്യം കേരള പി.എസ്.സി പറയുന്നതല്ല, നമ്മുടെ രാജ്യത്തെ നിയമം അനുശാസിക്കുന്നതാണ്. നുണകളുടെ കെട്ടഴിച്ച് സത്യം വെളിപ്പെടുത്താൻ ആരെങ്കിലും ഇറങ്ങിത്തിരിച്ചാൽ ഒരവസാനമുണ്ടാകില്ല. കാരണം നുണകൾ വേഗത്തിൽ പ്രചരിക്കും, കേട്ടിട്ടില്ലേ സത്യം ചെരുപ്പിടുമ്പോഴേക്കും നുണ ലോകം ചുറ്റി വരുമെന്ന്. ഇന്റർവ്യൂവിന് മാർക്ക് വേണ്ടപ്പെട്ടവർക്ക് വാരിക്കോരി കൊടുത്തിരിക്കുന്നുവെന്ന് ഒരു റാങ്ക് ഹോൾഡർ പറയുന്നത് കേട്ട് വെറുതെ പി.എസ.സി.യുടെ വെബ്‌സൈറ്റിൽ ആ റാങ്ക് പട്ടിക ഒന്ന് നോക്കി. ആ റാങ്ക് പട്ടികയിൽ ഇന്റർവ്യൂവിന് ഏറ്റവും ഉയർന്ന മാർക്ക് ലഭിച്ചിരിക്കുന്ന ഉദ്യോഗാർത്ഥികളിൽ ഒരാൾ ആ പറയുന്ന ആൾ തന്നാ, എന്താല്ലേ.

പ്രിയപ്പെട്ടവരേ, ഒരിക്കൽ കൂടി പറയട്ടെ നിങ്ങൾ വഞ്ചിതരാകരുത്. കേരള പി.എസ്.സി. എന്ന സ്ഥാപനം തകർക്കാനായി ഇറങ്ങിത്തിരിച്ചിരിക്കുന്നവരുടെ ലക്‌ഷ്യം നിങ്ങളുടെ ക്ഷേമമല്ല, നിങ്ങൾക്ക് തൊഴിൽ ലഭിക്കണം എന്ന ആഗ്രഹമല്ല, അവരുടെ ലക്‌ഷ്യം റേറ്റിംഗാണ് , മാധ്യമമുതലാളിമാരുടെ സങ്കുചിത രാഷ്ട്രീയ താൽപര്യം സംരക്ഷിക്കലാണ്, പി.എസ്.സി എന്ന സ്ഥാപനത്തെ തകർത്ത് അവരുടെ സങ്കുചിത താൽപര്യങ്ങൾ സംരക്ഷിക്കലാണ്. അല്ലായിരുന്നുവെങ്കിൽ നമ്മുടെ രാജ്യത്ത് ഇന്ന് നോക്കുകുത്തിയായി മാത്രം നിലനിൽക്കുന്ന റെയിൽവേ റിക്രൂട്മെന്റ് ബോർഡിലേക്ക് ഒരു നിമിഷമെങ്കിലും അവർ നോക്കിയേനെ, അപ്പാടെ തകർന്നിരിക്കുന്ന ബാങ്കിംഗ് സർവ്വീസ് റിക്രൂട്ട്മെന്റ് ബോർഡിന്റെ ഇന്നത്തെ അവസ്ഥ അവർ കണ്ടില്ലെന്നു നടിക്കില്ലായിരുന്നു. കുട്ടുകാരെ, കേരളാ പി.എസ്.സി.യിലൂടെയല്ലാതെ സാമൂഹ്യനീതി ഉറപ്പാക്കി സംവരണ തത്വം പാലിച്ച് നീതിപൂർവ്വമായ നിയമനം നടക്കുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ.

പ്രിയരേ, കേരളാ പി.എസ്.സി.ക്കെതിരെ ഒരു വാർത്ത വന്നാൽ അതിനു താഴെ പി.എസ്.സിക്കെതിരായി വരുന്ന കമൻറുകളുടെ ഒരു പ്രവാഹം തന്നെ നിങ്ങൾ കണ്ടിട്ടില്ലേ, എന്തുകൊണ്ടാ അത്?അതിന് ഒരു കാരണമേ ഉള്ളൂ. ഈ ലോകത്ത് ചട്ടങ്ങൾ ലംഘിക്കാതെ നിയമാനുസൃതമായി പ്രവർത്തിച്ചു കൊണ്ട് അഴിമതിയില്ലാതെ, സ്വജനപക്ഷപാതമില്ലാതെ, കൈക്കൂലിക്കിട നൽകാതെ കൃത്യനിർവ്വഹണം നടത്തിക്കൊണ്ട് ഏറ്റവും കൂടുതൽ "അസംതൃപ്തരെ '' സൃഷ്ടിക്കുന്ന സ്ഥാപനമാണ് കേരളാ പി.എസ്.സി. 2 ലക്ഷം അപേക്ഷകരുള്ള ഒരു തസ്തികയുടെ റാങ്ക് ലിസ്റ്റ് സൃഷ്ടിക്കുമ്പോൾ ഒരു പക്ഷെ 1000 സംതൃപ്തരോടൊപ്പം ഒരു ലക്ഷത്തി തൊണ്ണൂറ്റിയൊൻപതിനായിരം അസംതൃപ്തരേയും പ്രസവിക്കുന്നുണ്ട്. സംതൃപ്തരുടെ എണ്ണം, അവരുടെ ശബ്ദം കടലിൽ കായം കലക്കിയതുപോലാകും. ഇതാണ് പി.എസ്.സി.യുടെ ഗതികേട്. ഇത് ഞാൻ നിങ്ങൾക്കായി മാത്രം കുറിയ്ക്കുന്നതാണ്, ആത്മവിശ്വാസത്തോടെ പഠിക്കു, നിങ്ങൾ ലക്ഷ്യത്തിലെത്തും തീർച്ച.

സർക്കാർ ജോലി നേടണം എന്നാഗ്രഹിക്കുന്ന നിങ്ങളോട് ഒന്നുകൂടി സൂചിപ്പിച്ചോട്ടെ, എന്റെ ഈ പോസ്റ്റിനു താഴെ പി.എസ്.സിയിൽ. ജോലി ചെയ്‌ത് വിരമിച്ച ചില ആളുകൾ ചിലപ്പോൾ നെഗറ്റീവായി കമന്റിട്ടുവെന്ന് വരാം. താൻ ഉണ്ടായിരുന്നപ്പോൾ, എല്ലാം ഓ.കെ.ആയിരുന്നുവെന്നും, താൻ വിരമിച്ചശേഷം കണക്കാ എന്നും പറഞ്ഞ് വരാം. ആഗ്രഹിച്ചിട്ടും ഒന്നും തെറ്റായി ചെയ്യാൻ സാധിക്കാത്തതിനാൽ ഇച്ഛാഭംഗം വന്നവരാണവർ. ' ഒരു കാര്യം നിങ്ങൾ തിരിച്ചറിയണം. പി.എസ്.സി. യിലേക്ക് സത്യസന്ധരെ മാത്രം റിക്രൂട്ട് ചെയ്യപ്പെടുന്നില്ല. എല്ലാ ഉദ്യോഗസ്ഥരെയും നിയമിക്കുന്നതുപോലെ തന്നാ പി.എസ് .സിയിലേക്കും ഉദ്യോഗസ്ഥരെ തെരഞ്ഞടുക്കുന്നത്. എന്നാൽ ആഗ്രഹിച്ചാൽ പോലും ഒരഴിമതിയോ, സ്വജനപക്ഷപാതമോ ചെയ്യാൻ ആർക്കും സാധിക്കാത്തത് ഈ സംവിധാനത്തിന്റെ പ്രത്യേകതകൊണ്ടുതന്നാ. അതുകൊണ്ട് എനിക്ക് ശേഷം പ്രളയം എന്ന പറഞ്ഞ് ആരെങ്കിലും വന്നാൽ ആറാം തമ്പുരാനിലെ ജഗന്നാഥൻ കൊലപ്പുള്ളി അപ്പനെ വിളിച്ച ആ ഭാഷ തന്നെ വിളിച്ചോളൂ "തേഡ് റേറ്റ് @@@@@" എന്ന്, അവർ അതിനർഹരാണ്.

SCROLL FOR NEXT