പാലക്കാട്: ചുരുളിക്കൊമ്പന്‍ എന്ന PT5 കാട്ടാനയുടെ ആരോഗ്യം മോശമായി തുടരുന്നു. ആനയ്ക്ക് അധിക ദൂരം നടക്കാന്‍ കഴിയുന്നില്ലെന്നും തീറ്റയും വെള്ളവും എടുക്കുന്നതിനും ബുദ്ധിമുട്ട് ഉണ്ടെന്നും വനം വകുപ്പ് അറിയിച്ചു.
കണ്ണിന് പരിക്ക് പറ്റിയ ചുരുളി കൊമ്പന് നേരത്തെ ചികിത്സ നല്‍കിയിരുന്നു. വെറ്റിനറി ചീഫ് സര്‍ജന്‍ ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം കാട്ടിനുള്ളില്‍ മയക്കു വെടിവെച്ച് ചികിത്സ നല്‍കുകയായിരുന്നു. ആനയ്ക്ക് വലിയ രീതിയില്‍ കാഴ്ച പരിമിതി ഉണ്ടെന്ന് അന്നുതന്നെ കണ്ടെത്തിയിരുന്നു. കാഴ്ചാ പരിമിതിക്കപ്പുറം മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ആനയ്ക്കുണ്ടായിരുന്നില്ല.
എന്നാല്‍, ഇന്ന് ചുരുളിക്കൊമ്പന്റെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകളുണ്ട്. കാട്ടിനുള്ളില്‍വെച്ച് മറ്റ് ആനകളുമായി ഉണ്ടായ സംഘട്ടനത്തില്‍ പരിക്കേറ്റതാകാം എന്നാണ് കരുതുന്നത്. മയക്കുവെടിവെച്ച് പിടികൂടി ചികിത്സിക്കുന്നതിന് ആനയുടെ ആരോഗ്യം അനുവദിക്കില്ലെന്നാണ് വിലയിരുത്തലിലാണ് വനം വകുപ്പ്.
എന്നാല്‍ ആനയെ ബേസ് ക്യാമ്പില്‍ എത്തി ചികിത്സ നല്‍കണമെന്ന് ആനപ്രമി സംഘം പറയുന്നു. വിഷയത്തില്‍ വനമന്ത്രിക്ക് നേരത്തെ ആനപ്രമി സംഘം പരാതി നല്‍കിയിരുന്നു.
വയനാട്ടില്‍ നിന്ന് പ്രത്യേകസംഘം പാലക്കാട് എത്തി ആനയെ നിരീക്ഷിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് നിലവില്‍ വനംവകുപ്പിന്റെ തീരുമാനം.