നിലമ്പൂരിൽ ഇന്ന് കൊട്ടിക്കലാശം. ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. നഗരത്തിൻ്റെ അഞ്ചിടങ്ങളിലായാണ് കൊട്ടിക്കലാശം നടക്കുക. കൊട്ടിക്കലാശം കണക്കിലെടുത്ത് ക്രമസമാധാനത്തിനായി മണ്ഡലത്തിൽ കൂടുതൽ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. വൈകുന്നേരത്തോടെ നിലമ്പൂരിൽ കേന്ദ്രീകരിക്കുന്ന സ്ഥാനാർഥികൾ കൊട്ടിക്കലാശത്തിലും പങ്കെടുക്കും.
ഇടതുമുന്നണി സ്ഥാനാർഥി എം. സ്വരാജ് രാവിലെ മുതൽ വഴിക്കടവിൽ നിന്ന് നിലമ്പൂർ വരെ റോഡ് ഷോ നടത്തും. ഉച്ചവരെ മണ്ഡലത്തിലെ പ്രധാനപ്പെട്ട വോട്ടർമാരെ നേരിട്ട് കാണാനാണ് യുഡിഎഫ് സ്ഥാനാർഥിയുടെ നീക്കം. ഉച്ചയ്ക്ക് 12 മണി മുതൽ വഴിക്കടവിൽ നിന്ന് നിലമ്പൂരിലേക്ക് ബൈക്ക് റാലിയിലും പങ്കെടുക്കും. ബിജെപി സ്ഥാനാർഥി മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ആയി വോട്ട് ചോദിക്കും. എന്നാൽ കൊട്ടിക്കലാശത്തിന് ഇല്ലെന്ന നിലപാടിലാണ് പി.വി. അൻവർ. വ്യക്തിപരമായിട്ടുള്ള വോട്ട് ചോദിക്കലാണ് ഇന്ന് ആസൂത്രണം ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം റോഡ് ഷോ നടത്തിയതിനാൽ പ്രത്യേകമായി കൊട്ടിക്കലാശം വേണ്ടന്നാണ് തൃണമൂൽ കോൺഗ്രസ് തീരുമാനം. അതേസമയം സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ ഇന്ന് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്‍റെ പ്രചരണത്തിൽ പങ്കെടുക്കും. ആര്യാടന്‍ ഷൗക്കത്ത് സാക്ഷര പദ്ധതികളിലെ പഠിതാക്കളുടെ സംഗമത്തിലാണ് കൽപ്പറ്റ നാരായണൻ പങ്കെടുക്കുന്നത്. നേരത്തെ വൈശാഖന്‍റെ നേതൃത്വത്തിൽ ചില എഴുത്തുകാർ എം. സ്വരാജ് പ്രചരണം നടത്തിയത് വിവാദമായിരുന്നു.